ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേ; സ്റ്റേ നീട്ടി നല്‍കി സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേയ്ക്ക് സ്റ്റേ നീട്ടി സുപ്രീംകോടതി. 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളുമുണ്ടന്ന് അവകാശപ്പെട്ടായിരുന്നു ഹൈന്ദവ സംഘടനകള്‍ സര്‍വേയ്ക്കായി ഹൈക്കോടതിയെ സമീപിച്ചത്.

2023 ഡിസംബര്‍ 14ന് ആയിരുന്നു അലഹബാദ് ഹൈക്കോടതി പള്ളിയില്‍ സര്‍വേയ്ക്ക് ഉത്തരവിടുന്നത്. അതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ നല്‍കിയത്. അതാണിപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നീട്ടിയത്.

ഹര്‍ജികള്‍ ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്നും സര്‍വേ നടത്തണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ സ്ഥലം തങ്ങള്‍ക്ക് കൈമാറണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.