മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്ക് അനുവാദം നല്‍കി സുപ്രീം കോടതി

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍തിജക്ക് സുപ്രീം കോടതി അനുമതി. മാതാവിനെ കാണണം എന്നാവശ്യപ്പെട്ട് മകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും അമ്മയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയുണ്ടെന്നും അവര്‍ ഹരജിയില്‍ പറയുന്നു.

മെഹബൂബ മുഫ്തിയെ അവരുടെ ബന്ധുക്കള്‍ വസതിയിലെത്തി രണ്ടു തവണ സന്ദര്‍ശിച്ചതാണെന്നും അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് മകള്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി തേടിയിരുന്നെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.എന്നാല്‍
ഇല്‍തിജയുടെ സന്ദര്‍ശനത്തിന് മറ്റു ചില ഉദേശങ്ങളാണെന്നും അതുകൊണ്ട് അനുമതി കൊടുക്കേണ്ടതില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വാദിച്ചു.

തന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഇല്‍തിജ കോടതിയില്‍ പറഞ്ഞിരുന്നു. വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരത്തെ സുപ്രീം കോടതി അനുവദിച്ചിരുന്നു

Read more

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റുകയും കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് ഓഗസ്റ്റ് 4- നാണ് മെഹ്ബൂബ മുഫ്തിയടക്കമുളള രാഷ്ട്രീയ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് അറസ്റ്റുകള്‍ നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു.