അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ്: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്നന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ മനഃപൂര്‍വം അവഗണിക്കപ്പെട്ടെന്നും അദേഹത്തിന് അര്‍ഹമായ പരിഗണന ലഭിച്ചത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

സ്വതന്ത്ര ഇന്ത്യ നേതാജിയുടെ സംഭാവനകളെ മനഃപൂര്‍വം അവഗണിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഒരിക്കലും പരസ്യമാക്കാത്ത തരത്തിലായിരുന്നു. 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് അദേഹത്തിന് അര്‍ഹമായ പരിഗണന ലഭിച്ചത്. ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് നേതാജിയെ സംബന്ധിച്ച 300 സുപ്രധാന രേഖകള്‍ പരസ്യപ്പെടുത്തി അദേഹത്തെ ആദരിച്ചു.

1943 ഒക്ടോബര്‍ 21-ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റയാളാണ് നേതാജിയെന്ന് പലര്‍ക്കും അറിയില്ല. താന്‍ ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുകയല്ലെന്നും ശരിയായ പാതയിലേക്ക് ഏവരെയും നയിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.