'ശ്രീരാമ ഭക്തര്‍ അഹങ്കാരികളായി, ശ്രീരാമന്‍ 241ല്‍ നിറുത്തി'; മോദിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ്

ബിജെപിയ്ക്കും നരേന്ദ്രമോദിയ്ക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ആര്‍എസ്എസ് നേതാവും പ്രത്യയശാസ്ത്ര ഉപദേഷ്ടാവുമായ ഇന്ദ്രേഷ് കുമാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം അഹങ്കാരത്തിന്റെ പ്രതിഫലമാണെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ജയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഇന്ദ്രേഷിന്റെ വിവാദ പ്രസ്താവന.

ശ്രീരാമ ഭക്തിയുള്ളവര്‍ അഹങ്കാരികളായി മാറി. ആ പാര്‍ട്ടിയെ ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെങ്കിലും ധാര്‍ഷ്ട്യം കാരണം ശ്രീരാമന്‍ 241ല്‍ നിറുത്തി. ഇന്ത്യ മുന്നണിയെ രാമനെതിരാണെന്ന് മുദ്ര കുത്തി. രാമനില്‍ വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234ല്‍ നിറുത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണെന്നും ഇന്ദ്രേഷ് പറഞ്ഞു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 241 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

2019ല്‍ 303 സീറ്റുകളാണ് തിരഞ്ഞെടുപ്പില്‍ നേടിയത്. നേരത്തെ ആര്‍എസ്എസ് മുഖപത്രത്തിലും ബിജെപിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അമിത ആത്മവിശ്വാസം പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന് കാരണമായെന്നായിരുന്നു ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ കുറ്റപ്പെടുത്തല്‍.