ജാമ്യ ഉത്തരവുകള്‍ കൈമാറാന്‍ ഇപ്പോഴും പ്രാവുകളെ കാത്തിരിക്കേണ്ട അവസ്ഥ; ജയിലുകളിൽ ഇലക്ട്രോണിക് സംവിധാനം വേണമെന്ന് സുപ്രീംകോടതി

ജാമ്യ ഉത്തരവുകള്‍ കൈമാറാന്‍ ഇപ്പോഴും പ്രാവുകളെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് സുപ്രിംകോടതി ആക്ഷേപം. ഉത്തരവുകള്‍ കെെമാറാന്‍ സമയബന്ധിത നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ കടുത്ത അതൃപ്തി വ്യതമാക്കവേ ആണ് സുപ്രിം കോടതിയുടെ പരാമര്‍ശം.

ഒച്ച് പോലെ പ്രവര്‍ത്തിക്കുന്ന പോസ്റ്റല്‍ സംവിധാനത്തെ ഇപ്പോഴും ആശ്രയിക്കേണ്ടി വരുന്നത് നീതിയുടെ വേഗത്തിലുള്ള നിര്‍വഹണത്തെ തടസപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് വിമര്‍ശനം. വേഗത്തില്‍ സുരക്ഷിതമായി ഉത്തരവുകള്‍ കൈമാറാന്‍ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സംവിധാനം വേണമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സംവിധാനത്തിന്റെ നിര്‍ദേശം നല്‍കാന്‍ സെക്രട്ടറി ജനറലിന്റെ നേത്യത്വത്തില്‍ ഉള്ള സമിതിക്ക് രൂപം നല്‍കി.

സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്തിൽ മോചനം വൈകിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി ഇടപെടൽ. ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിർദേശം നൽകി. ജയിലുകളിൽ മതിയായ ഇന്റർനെറ്റ് സൗകര്യമുണ്ടോ എന്നത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും വിവരം നൽകണമെന്നും നിർദ്ദേശിച്ചു. സുപ്രീംകോടതിയുടെ നടപടി ഏറെ പുരോഗമനപരമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു.