സില്‍വര്‍ ലൈന്‍: കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകിയില്ലേയെന്ന് ഹൈക്കോടതി

സില്‍വര്‍ലൈനില്‍ കേന്ദ്രസര്‍ക്കാര്‍ കൈ കഴുകിയില്ലേയെന്ന് ഹൈക്കോടതി. മികച്ച ആശയമായിരുന്നു. പക്ഷെ നടപ്പാക്കാന്‍ ധൃതി കാട്ടി. കോടതി ആരുടെയും ശത്രുവല്ല. പക്ഷേ, കോടതിയെ കുറ്റപ്പെടുത്താനാണ് ശ്രമമുണ്ടായതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സില്‍വര്‍ലൈന്‍ സര്‍വേയുടെ നിലവിലെ സ്ഥിതി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുളളില്‍ മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

കേന്ദ്രാനുമതി കിട്ടിയാലേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. അനുമതി തരാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിനെ തള്ളി കേന്ദ്രം രംഗത്തെത്തിയിരുന്നു. കേരള ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പദ്ധതിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.

സില്‍വര്‍ ലൈനിന് അനുമതിയില്ലെന്നും സര്‍വേ നടത്താന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിന് മാത്രമായിരിക്കും എന്നുമാണ് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ച നിലപാടില്‍ പറഞ്ഞിരിക്കുന്നത്.