'യു.എ.പിഎ മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ഒരായുധം' റദ്ദാക്കാന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ശശി തരൂര്‍

യുഎപിഎ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി. ഈ നിയമം മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ഒരായുധമാണ്. നിയമം റദ്ദാക്കാന്‍ വേണ്ടി പാര്‍ലിമെന്റില്‍ തരൂര്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു.

നിയമം ദുരുപയോഗം ചെയ്യുകയാണെന്നും 66 ശതമാനം കേസുകളിലും അക്രമമില്ലെന്നും തരൂര്‍ പറഞ്ഞു. 56 ശതമാനം പേര്‍ ഈ നിയമക്കുരുക്കില്‍ പെട്ട് ഒരു ചാര്‍ജ് ഷീറ്റുമില്ലാതെ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. 2014ന് ശേഷം ഇത്തരം കേസുകളില്‍ കേവലം 2.4 ശതമാനം പേര് മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. നമ്മുടെ ജനാധിപത്യത്തിലുള്ള ഒരു കറയാണിതെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തമായ നിയമ പരിരക്ഷ ലഭിക്കാതെ പൗരന്‍മാര്‍ നടപടികള്‍ നേരിടുകയാണ്. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ ഉള്‍പ്പടെ നിയമത്തിന്റെ ദുരുപയോഗത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വ്യക്തികളേയും സംഘടനകളേയും തീവ്രവാദികളെന്ന് മുദ്രകുത്താനും അടിച്ചമര്‍ത്താനുമായി നിയമത്തെ ആയുധമാക്കുകയാണെന്ന് ബില്ലില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പുറമേ ഇന്ത്യയുടെ പരമ്പരാഗത വിദ്യകളെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലും തരൂര്‍ അവതരിപ്പിച്ചു. പരമ്പരാഗത വിദ്യ കൈവശത്താക്കിയവര്‍ക്ക് സംരക്ഷണം നല്‍കുന്നതും പരമ്പരാഗത വിദ്യയുടെ സംരക്ഷണത്തിനായി ഒരു ദേശീയ അതോറിറ്റിക്ക് രൂപം കൊടുക്കുന്നതുമായി ബന്ധപ്പെട്ട ബില്ലാണ് അവതരിപ്പിച്ചത്.ദുരുപയോഗം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.