സവർക്കറെ കോൺ​ഗ്രസ് അപമാനിച്ചു, അർഹിച്ച ആദരവ് നൽകിയില്ല; യോ​ഗി ആദിത്യനാഥ്

ആർഎസ്എസ് സ്ഥാപകൻ വി ഡി സവർക്കറെ നിരന്തരം കോൺ​ഗ്രസ് അപമാനിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സ്വാതന്ത്ര്യാനന്തരം സവർക്കറിന് അർഹിക്കുന്ന ബഹുമാനം ലഭിച്ചില്ലെന്നും വിപ്ലവകാരി, എഴുത്തുകാരൻ, തത്ത്വചിന്തകൻ, കവി തുടങ്ങിയ മേഖലകളിൽ പ്രതിഭയായ സവർക്കറിനെ കോൺ​ഗ്രസ് നിരന്തരം അപമാനിക്കുകയായിരുന്നുവെന്നും യോ​ഗി പറഞ്ഞു.

സവർക്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു യോ​ഗി ആദിത്യനാഥ്. രാജ്യം സ്വതന്ത്രമാകണം എന്ന ഒരു ലക്ഷ്യം മാത്രമെ സവർക്കറിനുണ്ടായിരുന്നുള്ളു. രാജ്യത്തിനൊരു ദർശനത്തിനായി തന്റെ ജീവിതം മുഴുവൻ അദ്ദേഹം ചെലവഴിക്കുകയായിരുന്നു.

സവർക്കറുടെ വാക്കുകൾ കോൺ​ഗ്രസ് കേട്ടിരുന്നുവെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപതാം നൂറ്റാണ്ടിലെ മഹാനായ നായകനായിരുന്നു സവർക്കർ. തന്റെ ജീവിതം മുഴുവൻ രാജ്യത്തിന് നൽകാനാണ് അദ്ദേഹം ചെലവഴിച്ചത്. അടൽ ബിഹാരി വാജ്‌പേയി സർക്കാർ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ സവർക്കറുടെ പ്രതിമ സ്ഥാപിച്ചെന്നും പിന്നീട് കോൺഗ്രസ് സർക്കാർ നീക്കം ചെയ്തുവെന്നും യോ​ഗി പറഞ്ഞു.

Read more

രാജ്യത്തിനുവേണ്ടി ജീവിതത്തിൽ രണ്ട് ജീവപര്യന്തം തടവ് അനുഭവിച്ച വ്യക്തിയാണ് അദ്ദേഹം. എന്നാൽ അധികാരത്തിലിരുന്ന രാഷ്ട്രീയ പാർട്ടികൾ സവർക്കറെ ജിന്നയുമായി താരതമ്യപ്പെടുത്തി‌യെന്നും യോ​ഗി കുറ്റപ്പെടുത്തി.