'നുണ പരിശോധനയ്ക്ക് തയ്യാറാണ്, സത്യം പുറത്തുവരുമല്ലോ'; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സഞ്ജയ് റോയ് ; 5 പേരുടെ നുണ പരിശോധനയ്ക്ക് കൂടി അനുമതി; അന്വേഷണം കൂടുതല്‍ പ്രതികളിലേക്കോ?

കോടതിമുറിയില്‍ വികാരാധീനനായി കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്. വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു അത്യന്തം നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താന്‍ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ മനഃപൂര്‍വ്വം പെടുത്തിയതാണെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ സിബിഐ സഞ്ജയ് റോയുടെയും കേസില്‍ സംശയത്തിന്റെ നിഴലിലുള്ളവരുടെയും നുണ പരിശോധനയ്ക്ക് അനുമതി തേടിയിരുന്നു. നുണ പരിശോധനയ്ക്ക് പ്രതിയുടെ അഭിപ്രായം തേടിയ കോടതിയോട് സഞ്ജയ് റോയ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, നിരപരാധിയാണ്. കേസില്‍ മനഃപൂര്‍വ്വം പെടുത്തിയതാണ്. ഈ പരിശോധനയിലൂടെ അത് പുറത്തുവരും എന്നായിരുന്നു സഞ്ജയ് റോയ് കോടതിയില്‍ പറഞ്ഞത്. ഇതോടെ കോടതി സിബിഐയ്ക്ക് നുണ പരിശോധനയ്ക്ക് അനുമതി നല്‍കി. കേസിലെ പ്രതിയായ സഞ്ജയ് റോയിയെ കൂടാതെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും കൊല്ലപ്പെട്ട രാത്രി യുവ ഡോക്ടര്‍ക്കൊപ്പം ഭക്ഷണം കഴിച്ച മറ്റ് മൂന്ന് യുവഡോക്ടര്‍മാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് 9ന് ആയിരുന്നു ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ട് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. ദേഹത്ത് നിരവധി മുറിവുകളോടെ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവം കഴിഞ്ഞ് രണ്ടാം ദിവസമാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തിയത്.

Read more

സംഭവം നടക്കുന്നതിന് മുന്‍പായി പ്രതി സംഭവ സ്ഥലത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതുകൂടാതെ പ്രതിയുടെ ഹെഡ്‌ഫോണും സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രതിയുടെ ഫോണില്‍ അന്വേഷണസംഘം നിരവധി അശ്ലീല വീഡിയോകളും കണ്ടെത്തിയിരുന്നു.