RCB VS PBKS: ആര്‍സിബി ജേഴ്‌സി വച്ച് വിവാഹം, ഈ സാല കപ്പ് നമ്‌ദേയെന്ന് കട്ട ഫാന്‍, ആരാധകരായാല്‍ ഇങ്ങനെ വേണം, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് വൈറല്‍ ചിത്രം

ഐപിഎല്‍ ഫൈനലിന് ഒരുങ്ങുന്ന ആര്‍സിബി ടീമിന് ആശംസ അറിയിച്ചുകൊണ്ടുളള ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നേപ്പാളില്‍ നിന്നുളള ഒരു ആരാധകനാണ് തന്റെ വിവാഹത്തിനിടെ ആര്‍സിബി ജേഴ്‌സി ഉയര്‍ത്തി കാണിച്ച് ടീമിന് ആശംസയും പിന്തുണയും അറിയിച്ചത്. വരനും വധുവും വിവാഹചടങ്ങുകള്‍ക്കിടെ ആര്‍സിബിയുടെ ജേഴ്‌സി ഉയര്‍ത്തി കാട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ്. നേപ്പാളിലെ പുമ്ദിക്കോട്ട് എന്ന സ്ഥലത്ത് നടന്ന ഒരു വിവാഹത്തിനിടെ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ ആര്‍സിബി-പഞ്ചാബ് ഐപിഎല്‍ ഫൈനല്‍ നടക്കുക. രാത്രി 7.30 മുതലാണ് മത്സരം ആരംഭിക്കുക. ഇത്തവണ കിരീടം ഇതുവരെ നേടിയിട്ടില്ലാത്ത രണ്ട് ടീമുകള്‍ തമ്മിലാണ് മാറ്റുരയ്ക്കുന്നത്. മുന്‍പ് മൂന്ന് തവണ ആര്‍സിബിയും ഒരു തവണ പഞ്ചാബും ഐപിഎല്‍ ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കിലും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല.

ഇന്ന് രണ്ടില്‍ ഒരു ടീമിന്റെ ആദ്യ ഐപിഎല്‍ കിരീടനേട്ടം കാണാന്‍ ആരാധകര്‍ക്ക് സാധിക്കും. ആര്‍സിബിയും പഞ്ചാബും ശ്രദ്ധേയ പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവച്ചിട്ടുളളത്. ടോപ് 2 ടീമുകളായാണ് ഇരുടീമുകളും ലീഗ് സ്റ്റേജില്‍ ഫിനിഷ് ചെയ്തത്. 14 കളികളില്‍ 19 പോയിന്റാണ് ഇരുടീമുകളും നേടിയതെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് കിങ്‌സ് പോയിന്റ് ടേബിളില്‍ മുന്നിലെത്തുകയായിരുന്നു.