ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കനത്തതോടെ ഉച്ചവിശ്രമ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഗള്‍ഫില്‍ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് യുഎഇയിലാണ്. 51.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു മേയില്‍ യുഎഇയില്‍ അനുഭവപ്പെട്ടത്. ചൂട് ഉയര്‍ന്നതോടെ അതിരൂക്ഷ പൊടിക്കാറ്റാണ് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന പുറംജോലിചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉച്ചവിശ്രമ നിയമം കര്‍ശനമായിയത്.
ജോലിക്കിടെ വിശ്രമം, മതിയായ തണല്‍, പ്രാഥമിക ചികിത്സാസൗകര്യം, ആവശ്യത്തിന് കുടിവെള്ളം എന്നിവയെല്ലാം തൊഴിലുടമ നല്‍കിയിരിക്കണം. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരേ കനത്തപിഴ ഉള്‍പ്പെടെ കടുത്തശിക്ഷാനടപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതിലൂടെ മരണം ഉള്‍പ്പെടെ സംഭവിക്കുമെന്നതിനാലാണ് പ്രതി വര്‍ഷം ഉച്ചവിശ്രമം നടപ്പാക്കുന്നത്.
യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഈ മാസം 15 മുതല്‍ ഉച്ചവിശ്രമനിയമം നടപ്പിലാകും. യുഎഇയില്‍ സെപ്റ്റംബര്‍ 15 വരെയാണ് ചട്ടം പ്രാബല്യത്തിലുണ്ടാവുക. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണിവരെ പുറംതൊഴിലാളികള്‍ക്ക് വിശ്രമം നല്‍കിയിരിക്കണം എന്നതാണ് നിയമം. വ്യവസ്ഥതെറ്റിക്കുന്ന കമ്പനികള്‍ക്കെതിരേ ഓരോ തൊഴിലാളിയ്ക്കും 5000 ദിര്‍ഹം വരെയും ഒന്നിലേറെ പേരെങ്കില്‍ അരലക്ഷം ദിര്‍ഹം വരെയും പിഴ ഈടാക്കും. സൗദി അറേബ്യയില്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് നിയമം നടപ്പാക്കുന്നത്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിയ്ക്ക് 3000 റിയാല്‍ വീതമാണ് പിഴചുമത്തുക. നിയമലംഘനം തുടര്‍ന്നാല്‍ പിഴസംഖ്യ ഇരട്ടിയാക്കും. ബഹ്റൈനില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെയാണ് നിയമം നടപ്പാക്കുന്നത്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് 1000 ദിനാര്‍ പിഴയും തടവുമാണ് ശിക്ഷ.
Read more
ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഈ മാസം ഒന്ന് മുതല്‍ ഉച്ചവിശ്രമനിയമം പ്രാബല്യത്തിലായി. ഖത്തറില്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് മൂന്നരവരെ പുറം തൊഴിലാളികള്‍ക്ക് വിശ്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചട്ടം സെപ്റ്റംബര്‍ 15-ന് അവസാനിക്കുകയും ചെയ്യും. മോട്ടോര്‍ ബൈക്കുകളില്‍ ഡെലിവറി നടത്തുന്ന തൊഴിലാളികള്‍ക്കും ചട്ടം ബാധകമാണ്. തൊഴില്‍മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകളും നടക്കുന്നുണ്ട്.