അവർ സംസാരിച്ചത് ടെൻഡുൽക്കറോടാവും; ബി.ജെ.പിയിലേക്ക് എന്ന വാദം തള്ളി സച്ചിൻ പൈലറ്റ്

ബി.ജെപിയിൽ ചേരുന്ന കാര്യം താനുമായി ചർച്ച ചെയ്തെന്ന ബി.ജെ.പി നേതാവ് റീത്ത ബഹു​ഗുണ ജോഷിയുടെ വാദം തള്ളി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്.

ബി.ജെ.പിയിൽ ചേരില്ലെന്നും ആരുമായും ഇതിനായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിവി ചാനലിനോടാണ് ബിജെപിയിൽ ചേരുന്ന കാര്യം സച്ചിനുമായി ചർച്ച ചെയ്തെന്ന് റീത്ത പറഞ്ഞത്.

അവർ സച്ചിൻ ടെൻഡുൽക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള സച്ചിന്റെ അഭിപ്രായവ്യത്യാസം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാൽ റീത്തയുടെ അവകാശവാദം വലിയ ചർച്ചയായിരുന്നു.

രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിൻ പ്രസാദയും പാർട്ടി വിട്ടതോടെ അടുത്തത് സച്ചിൻ പൈലറ്റാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.