'പത്തു തവണ ക്ഷമ ചോദിക്കാൻ തയാർ'; കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറയാമെന്ന് ബിജെപി മന്ത്രി വിജയ് ഷാ

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മാപ്പ് പറയാൻ തയാറാണെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ. ‘ഭീകരവാദികളുടെ സഹോദരി’ എന്ന് വിശേഷിപ്പിച്ച് നടത്തിയ പരാമർശം ഏറെ വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. തന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ് എന്നാണ് മന്ത്രിയുടെ പ്രതികരണം.

‘സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയില്ല. എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ്’ മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രിയായ കുൻവർ വിജയ് ഷാ പറഞ്ഞു.

‘നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ നമ്മൾ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇന്ദോറിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകൾ. ഓപ്പറേഷൻ സിന്ദൂറിനേക്കുറിച്ചുള്ള വാർത്താ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് കേണൽ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമർശം ഇന്ത്യൻ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു. മധ്യപ്രദേശ് സർക്കാരിൽ നിന്നും വിജയ് ഷായെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

തന്റെ പ്രസംഗത്തിനിടെ, 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാമിലെ ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും തമ്മിലുള്ള ബന്ധം ശ്രീ ഷാ വരച്ചുകാട്ടി. കേണൽ ഖുറേഷിയെ പരോക്ഷമായി എന്നാൽ വ്യക്തമായും പരാമർശിച്ചുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി “അവരുടെ [ഭീകരരുടെ] സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ” ഇന്ത്യൻ വ്യോമസേന വിമാനത്തിൽ “അവരുടെ അഭിമാനം ഉരിഞ്ഞുകളയാനും” “അവരെ ഒരു പാഠം പഠിപ്പിക്കാനും” അയച്ചതായി അദ്ദേഹം അവകാശപ്പെട്ടു.