അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യയിൽ രാമക്ഷേത്രം; 2023-ഓടെ ഭക്തർക്കായി തുറന്നു കൊടുക്കുമെന്ന് റിപ്പോർട്ട്

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം 2023 ഡിസംബറോടെ ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് റിപ്പോർട്ട്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ബിജെപിയുടെ പദ്ധതി.

ഗർഭഗൃഹ (ശ്രീകോവിൽ) നിർമ്മാണം പൂർത്തിയാക്കി രാം ലല്ല, സീത, ലക്ഷ്മണൻ എന്നിവരുടെ വിഗ്രഹം മാറ്റി സ്ഥാപിക്കും. ഇപ്പോൾ താത്കാലിക ശ്രീകോവിലിലാണ് വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

ശ്രീകോവിൽ ഉൾപ്പെടുന്ന ഭാഗം ലോക്സഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പെങ്കിലും തുറന്ന് കൊടുക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മ്യൂസിയം, ഡിജിറ്റൽ ആർക്കൈവ്‌സ്, റിസർച്ച് സെന്റർ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിർമ്മിക്കും.

110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമ്മാണ ചെലവായി കണക്കുകൂട്ടുന്നത്. 3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്റ്റിന് സംഭവാന ലഭിച്ചിട്ടുണ്ട്.

ക്ഷേത്ര നിർമ്മാണത്തിനായി രാജസ്ഥാൻ കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും.

ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടായിരിക്കും. ക്ഷേത്രത്തിന് മൂന്നു നിലകൾ ഉണ്ടായിരിക്കും.