അഴിമതിയുടെ പേരിൽ എഎപി വിട്ട് രാജ്‌കുമാർ ആനന്ദ്; മന്ത്രിസ്ഥാനവും രാജിവെച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ എഎപിയിൽ പൊട്ടിത്തെറി. സാമൂഹിക ക്ഷേമ മന്ത്രി രാജ്‌കുമാർ ആനന്ദ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച രാജ്‌കുമാർ പാർട്ടി അംഗത്വമടക്കമാണ് രാജിവച്ചത്. പാർട്ടി അഴിമതിയിൽ മുങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്റെ വിമർശനം.

അഴിമതിക്കെതിരേ പോരാടാനാണ് താൻ എഎപിയിൽ ചേർന്നതെന്നും എന്നാൽ ഇന്ന് അതേ എഎപി തന്നെ അഴിമതിയിൽ മുങ്ങിയെന്നും രാജ്കുമാർ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ദളിത് വിരുദ്ധമായി മാറിയെന്നും രാജ് കുമാർ ആനന്ദ് പറഞ്ഞു.

പാർട്ടിയുടെ ഭാവി കാര്യങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാൻ നേതാക്കൾ ബുധനാഴ്ച‌ അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിൽ യോഗം ചേർന്നിരുന്നു. ഇത് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് രാജ് കുമാർ ഇപ്പോൾ രാജി വച്ചിരിക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിൻ്റെ അറസ്റ്റിനെ ചോദ്യംചെയ്‌ത്‌ കഴിഞ്ഞദിവസം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ എഎപി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

അതേസമയം ആംആദ്മി പാർട്ടിയുടെ അന്ത്യം തുടങ്ങിയെന്ന് ബിജെപി വിമർശിച്ചു. രാജ് കുമാർ ആനന്ദിന്റെ രാജി 2011 മുതൽ ആരംഭിച്ച അരവിന്ദ് കെജ്രിവാളിന്റെ ദില്ലിയിലെ ജനങ്ങളെ വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ അവസാനമാണെന്നും ബിജെപി പറഞ്ഞു. രാജ് കുമാർ ആനന്ദിന്റെ രാജിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ബിജെപി.

അതേസമയം മദ്യ നയക്കേസുമായി ബന്ധപ്പെട്ട് രാജ് കുമാർ ആനന്ദിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ വസതിയിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി എന്നതാണ് ശ്രദ്ധേയം.