യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ച് ജെറ്റുകള്‍ വെടിവച്ച് വീഴ്ത്തിയെന്നായിരുന്നു യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
ട്രംപിന്റെ വെളിപ്പെടുത്തലില്‍ സൂചിപ്പിച്ച അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ വിവാദ വെളിപ്പെടുത്തല്‍. അഞ്ച് ജെറ്റുകള്‍ സംഘര്‍ഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു.
വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടതെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. വ്യാപാര കരാര്‍ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപിന്റെ അവകാശവാദം. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തതായി അവകാശപ്പെട്ടിരുന്നു.
Read more
എന്നാല്‍ പാകിസ്ഥാന് ഇതിന് തെളിവുകള്‍ ഒന്നും പുറത്തുവിടാന്‍ സാധിച്ചിരുന്നില്ല. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.