ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിന് നേരെ നടക്കുന്ന ആക്രമണമെന്ന് രാഹുല്‍ ഗാന്ധി; മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ വിമര്‍ശിച്ചത് കൊളംബിയയില്‍

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയിലെ സംവാദത്തില്‍ സംസാരിക്കവെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധനയങ്ങളും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. വോട്ട് കൊള്ളയെക്കുറിച്ച് സൂചിപ്പിച്ച് മോദി സര്‍ക്കാരിന് നേര്‍ക്ക് മുന ചൂണ്ടിയാണ് രാഹുല്‍ ഗാന്ധി ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണമാണ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പറഞ്ഞത്.

വൈവിധ്യമാര്‍ന്ന ഒരു സമൂഹത്തില്‍ വ്യത്യസ്ത പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, ആശയങ്ങള്‍, മതവിശ്വാസങ്ങള്‍ എന്നിവ അഭിവൃദ്ധി പ്രാപിക്കണമെങ്കില്‍ ഒരു ജനാധിപത്യ സംവിധാനം അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി ഊന്നിപ്പറഞ്ഞു. ഇന്ത്യയില്‍ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ടെന്നും ഒരു ജനാധിപത്യ സംവിധാനം എല്ലാവര്‍ക്കും ഇടംനല്‍കുന്നതാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളില്‍നിന്നും ആക്രമിക്കപ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കൊളംബിയയിലെ ഇ.ഐ.എ സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ വൈവിധ്യപൂര്‍ണ്ണമായ ഒരു രാജ്യത്ത് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യ ഇപ്പോള്‍ ജനാധിപത്യ സംവിധാനത്തില്‍ ‘ഘടനാപരമായ പിഴവുകള്‍’ നേരിടുന്നുവെന്ന് രാഹുല്‍ സംവാദത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള വിള്ളലാണ് രാജ്യത്തെ മറ്റൊരു അപകടസാധ്യതയെന്നും വ്യത്യസ്ത ഭാഷകളും വ്യത്യസ്ത മതങ്ങളും ഇവിടെയുള്ളതിനാല്‍ ഈ വ്യത്യസ്ത പാരമ്പര്യങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുകയും അവയ്ക്ക് സ്വയം പ്രകടിപ്പിക്കാന്‍ ഇടം നല്‍കുകയും ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ചൈന ചെയ്യുന്നത് പോലെ ആളുകളെ അടിച്ചമര്‍ത്തുകയും ഒരു സ്വേച്ഛാധിപത്യ സംവിധാനമായി മുന്നോട്ടുപോകുകയും ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ആര്‍എസ്എസിന്റെയും ബിജെപിയുടേയും ഭരണ പങ്കാളിത്തത്തെയും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു, അവരുടെ പ്രത്യയശാസ്ത്രത്തിന്റെ കാതല്‍ ‘ഭീരുത്വം’ ആണെന്നാണ് രാഹുല്‍ പറഞ്ഞത്.

ഇതാണ് ബിജെപി-ആര്‍എസ്എസിന്റെ സ്വഭാവം. വിദേശകാര്യ മന്ത്രിയുടെ ഒരു പ്രസ്താവന നിങ്ങള്‍ ശ്രദ്ധിച്ചാല്‍, അദ്ദേഹം പറയുന്നു, ‘ചൈന നമ്മളേക്കാള്‍ വളരെ ശക്തമാണ്. തനിക്ക് അവരുമായി എങ്ങനെ ഒരു പോരാട്ടം തിരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ്. ഇവരുടെ പ്രത്യയശാസ്ത്രത്തിന്റെ കാതല്‍ ഭീരുത്വമാണ്,’

വിനായക് ദാമോദര്‍ സവര്‍ക്കറുടെ പുസ്തകത്തിലെ ഒരു സംഭവവും രാഹുല്‍ ഗാന്ധി ഉദ്ധരിച്ചു. സവര്‍ക്കറും സുഹൃത്തുക്കളും ഒരു മുസ്ലീം പുരുഷനെ മര്‍ദ്ദിച്ചു, അതില്‍ സന്തോഷിച്ചു’. ഈ സംഭവും ചൂണ്ടിക്കാണിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് ഇതാണ്. സംഘത്തിന്റെ പ്രത്യയശാസ്ത്രം ‘ദുര്‍ബലരായ ആളുകളെ മര്‍ദ്ദിക്കുകയും’ അവരെക്കാള്‍ ശക്തരായവരില്‍ നിന്ന് ഓടിപ്പോകുകയും ചെയ്യുക എന്നതാണ്.

Read more

ഒരിക്കല്‍ താനും തന്റെ കുറച്ച് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മുസ്ലീം പുരുഷനെ മര്‍ദ്ദിച്ചുവെന്നും ആ ദിവസം അവര്‍ക്ക് വളരെ സന്തോഷം തോന്നിയെന്നും സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അഞ്ച് പേര്‍ ചേര്‍ന്ന് ഒരാളെ മര്‍ദ്ദിച്ചാല്‍, അവരില്‍ ഒരാള്‍ക്ക് സന്തോഷം തോന്നും, അത് ഭീരുത്വമാണ്. ദുര്‍ബലരായ ആളുകളെ മര്‍ദ്ദിക്കുക എന്നത് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രമാണ്.