'ബോംബാക്രമണം നിര്‍ത്താന്‍ റഷ്യയോട് അടിയന്തരമായി ആവശ്യപ്പെടണം', കേന്ദ്രത്തോട് പി. ചിദംബരം

ഉക്രൈനില്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. വാക്കാലുള്ള ബാലന്‍സിംഗ് ആക്ട് സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഉക്രൈനില്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ റഷ്യയോട് ആവശ്യപ്പെടണമെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

‘ ഇന്ത്യാ ഗവണ്‍മെന്റ് അതിന്റെ വാക്കാലുള്ള ബാലന്‍സിംഗ് അവസാനിപ്പിക്കുകയും ഉക്രൈനിലെ പ്രധാന നഗരങ്ങളില്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്ന് റഷ്യയോട് കര്‍ശനമായി ആവശ്യപ്പെടുകയും വേണം. സ്ഫോടനം നിര്‍ത്തുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്താല്‍, ഉക്രൈനില്‍ കുടുങ്ങിയ വിദേശികള്‍ക്ക് രാജ്യം വിടാന്‍ കഴിയും.’ അദ്ദേഹം കുറിച്ചു.

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരിന്റെ പിഴവുകളെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബി.ജെ.പി സര്‍ക്കാരിനെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

ഒഴിപ്പിക്കല്‍ ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉക്രൈ്‌നില്‍ അനിഷ്ടകരമായ ഒന്നും സംഭവിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യക്കാരെ വിശ്വസിക്കാന്‍ പ്രോത്സാഹിപ്പിച്ചതിലും സര്‍ക്കാര്‍ കുറ്റക്കാരാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം അപകടത്തിലാണ്. ഇന്ത്യ ശക്തമായും ധീരമായും ശബ്ദമുയര്‍ത്തുകയും റഷ്യ ഉടന്‍ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും വേണമെന്ന് ചിദംബരം പറഞ്ഞു.

Read more

നേരത്തെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു. ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നും, ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ തന്ത്രപരമായ പദ്ധതി ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.