പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ മുന്നോട്ട് വെച്ചതായാണ് വിവരം. എന്നാല്‍ നോമിനേഷന്‍ രീതിയില്‍ പ്രിയങ്ക ഗാന്ധി എതിര്‍പ്പ് രേഖപ്പെടുത്തിയെന്നാണ് അറിയുന്നത്.

എന്നാല്‍ നേതൃത്വത്തിലെ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തിരഞ്ഞെടുപ്പെന്നത് വലിയ തോതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം, രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോര് പ്രവര്‍ത്തക സമിതിയിലേക്കും നീങ്ങുകയാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോരിന്റെ തുടര്‍ച്ചയെന്നോണം പ്രവര്‍ത്തക സമിതിയിലേക്ക് അശോക് ഗലോട്ടിനൊപ്പം സച്ചിന്‍ പൈലറ്റും അവകാശവാദമുന്നയിച്ചു. മുഖ്യമന്ത്രി പദവിക്കൊപ്പം പ്രവര്‍ത്തകസമിതിയില്‍ അശോക് ഗലോട്ട് സ്ഥിരാംഗത്വം പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്ത് തഴയപ്പെട്ട തന്നെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സച്ചിന്‍ പൈലറ്റും മുന്‍പോട്ട് വച്ചിട്ടുണ്ട്. തരൂരിനെ അനുകൂലിക്കുന്ന വിഭാഗം സച്ചിന്‍ പൈലറ്റിന് വേണ്ടിയും രംഗത്തുണ്ട്.