കൂട്ടക്കൊലയുടെ ഉത്തരവാദിത്വം യോഗി സര്‍ക്കാരിനാണ്, അല്ലാതെ നെഹ്റുവിനല്ലെന്ന്  മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങവെ  പ്രിയങ്ക ഗാന്ധി

സോനഭദ്രയില്‍ വെടിവെച്ചുകൊന്നവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധ മടങ്ങി. മണിക്കൂറുകള്‍ നീണ്ട് നിന്ന പ്രതിഷേധം അവസാനിപ്പിണ് പ്രിയങ്ക ഡല്‍ഹിക്ക് മടങ്ങിയത്.തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തനിക്ക് എവിടെ വേണമെങ്കിലും പോകാമെന്നുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണുന്നതില്‍ നിന്നും തന്നെ വിലക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെന്നും ഇപ്പോള്‍ മടങ്ങുകയാണെന്നും തിരിച്ചുവരുമെന്നുമായുരുന്നു മിര്‍സാപുരിലെ ഗസ്റ്റ് ഹൗസിനു മുന്‍പില്‍ വെച്ച് പ്രിയങ്ക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

സോനഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്വം യോഗി സര്‍ക്കാരിനാണെന്നും അല്ലാതെ നെഹ്റുവിനല്ലെന്നും പ്രിയങ്ക തുറന്നടിച്ചു. കൊല്ലപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം കോണ്‍ഗ്രസ് നല്‍കുമെന്നും പ്രിയങ്ക വ്യക്തമാക്കി.ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതം, കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുക, ഈ കുടുംബങ്ങള്‍ക്കു സുരക്ഷയൊരുക്കുക, ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഇവരുടെ പേരിലുള്ള കേസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രിയങ്ക യോഗി സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്.

സോനഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവെച്ചുകൊന്നത്. കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാനായെത്തിയ പ്രിയങ്കയെ മിര്‍സാപ്പൂരില്‍ വച്ച് പൊലീസ് ഇന്നലെ തടഞ്ഞു. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് തൊട്ട് മുന്‍പ് സോനഭദ്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍ താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രിയങ്ക റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇതോടെ മിര്‍സാപ്പൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി രേഖപ്പെടുത്തുകയായിരുന്നു.

മരിച്ച പത്ത് പേരുടെയും കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന് ആവര്‍ത്തിച്ച പ്രിയങ്ക രാത്രിയും പ്രതിഷേധിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരിടപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളില്‍ ചിലരെ പ്രിയങ്ക പ്രതിഷേധിക്കുന്ന മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസ് പരിസരത്തെത്തിച്ചു. പ്രതിഷേധ സ്ഥലത്തേക്ക് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും മുഴുവന്‍ ആളുകളെയും കാണാന്‍ പൊലീസ് അനുവദിച്ചില്ല.