പ്രധാനമന്ത്രിയുടെ വിവാദപ്രസംഗത്തെ അപലപിച്ചു; ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദപ്രസംഗത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് സ്വകാര്യവാർത്താ ചാനലിനോട് പ്രതികരിച്ച ഭാരവാഹിയെ പുറത്താക്കി ബിജെപി. ബികാനേർ ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻ്റ് ഉസ്‌മാൻ ഗനിയെയാണ് ആറുവർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഒരു സ്വകാര്യ വാർത്താചാനലിനോട് സംസാരിക്കവെ, പ്രധാനമന്ത്രിയുടെ വിവാദപ്രസംഗത്തെ ഉസ്‌മാൻ ഗനി അപലപിച്ചിരുന്നു.

രാജസ്ഥാനിലെ 25 സീറ്റുകളിൽ നാലു സീറ്റിൽവരെ ബിജെപി പരാജയപ്പെട്ടേക്കുമെന്നും ഗനി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, മാധ്യമങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതിനാണ് പുറത്താക്കുന്നതെന്ന് ബിജെപി സംസ്ഥാന അച്ചടക്കസമിതി അറിയിച്ചു. ഗനിയുടെ നടപടി അച്ചടക്കലംഘനമാണെന്നും പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നുവെന്നും അച്ചടക്കസമിതി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെടുത്ത് മുസ്ലിങ്ങൾക്കിടയിൽ വിതരണംചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനില ജലോറിലും ബൻസ്വാഡയിലും മോദി പറഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. പ്രസംഗത്തിനെതിരെ കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങിയിരുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കേരളത്തിലും പരാതികൾ ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതികൾ.