വീണ്ടും 'മോദി വാഷിംഗ് പൗഡര്‍'; 25000 കോടി സഹകരണ ബാങ്ക് തട്ടിപ്പില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ക്ലീന്‍ചിറ്റ്; എന്‍സിപി പിളര്‍ത്തി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതിന്റെ 'സ്‌നേഹ സമ്മാനം'?

മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യസര്‍ക്കാരിന്റെ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് 25,000 കോടിയുടെ കോപ്പറേറ്റിവ് ബാങ്ക് കുംഭകോണത്തില്‍ ക്ലീന്‍ചിറ്റ്. മുംബൈ പൊലീസാണ് അഴിമതി കേസില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുനേത്ര പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. എന്‍ഡിഎയ്ക്ക് വേണ്ടി ബരാമതി ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് സുനേത്ര പവാര്‍. നേരത്തെ കോണ്‍ഗ്രസിനും ശിവസേനയ്ക്കുമൊപ്പം മഹാവികാസ് അഘാഡി സഖ്യത്തിലുണ്ടായിരുന്ന എന്‍സിപിയെ പിളര്‍ത്തിയാണ് ബിജെപി പക്ഷത്തേക്ക് അജിത് പവാറും കൂട്ടരും മാറിയത്.

മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീഴുകയും അജിത് പവാറും ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെയുമെല്ലാം സഖ്യകക്ഷികളായപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുകയായിരുന്നു മഹാരാഷ്ട്രയില്‍. ബിജെപിയാകട്ടെ മുഖ്യമന്ത്രി സ്ഥാനം ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് നല്‍കുകയും എന്‍സിപി പിളര്‍ത്തിയെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു.

ഇഡിയും കേന്ദ്ര ഏജന്‍സികളും വേട്ടയാടി നിരവധി അഴിമതി കേസുകളില്‍ പ്രതിയായിരിക്കവെയായിരുന്നു അജിത് പവാറിന്റെ എന്‍ഡിഎയിലേക്കുള്ള പോക്ക്. തുടര്‍ന്ന് അജിത് പവാറിനൊപ്പം എന്‍ഡിഎയിലേക്ക് പോയ പ്രഫുല്‍ പട്ടേലടക്കം നേതാക്കള്‍ക്ക് വിവിധ കേസുകളില്‍ ക്ലീന്‍ചിറ്റ് കിട്ടിയതും ഇന്ത്യ കണ്ടു. ‘മോദി വാഷിംഗ് പൗഡറെ’ന്ന് ആദ്യം പരിഹസിച്ചത് ആംആദ്മി പാര്‍ട്ടി നേതാക്കളാണെങ്കിലും പിന്നീട് ഇന്ത്യയിലെ പ്രതിപക്ഷം ഒന്നടങ്കം ഇത്തരം ക്ലീന്‍ചിറ്റ് സംഭവങ്ങളെ ബിജെപിയുടെ അഴിമതി തുറന്നുകാട്ടി വിമര്‍ശിക്കാനുപയോഗിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കൊണ്ട് വേട്ടയാടിക്കുകയും അവര്‍ എന്‍ഡിഎയ്ക്ക് ഒപ്പം ചേരുമ്പോള്‍ ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്യുന്ന രീതിയേയാണ് മോദി വാഷിംഗ് പൗഡര്‍ എന്ന് പറഞ്ഞു പ്രതിപക്ഷം പരിഹസിക്കുന്നത്.

അജിത് പവാറിനും പ്രഫുല്‍ പട്ടേലിനും ശേഷം അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ഇപ്പോള്‍ അഴിമതി കേസില്‍ ക്ലീന്‍ചിറ്റ് നേടിയിരിക്കുകയാണ്. ജനുവരിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ അതായത് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടിലാണ് മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (എംഎസ്സിബി) കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സുനേത്ര പവാര്‍ ക്രിമിനല്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ സുനേത്ര പവാറിനും ഭര്‍ത്താവിനുമായി ബന്ധമുള്ളതായി കാണുന്നില്ലെന്നാണ് മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

എന്‍സിപി അതികായന്‍ ശരത് പവാറിന്റെ കോട്ടയായ ബരാമതിയില്‍ അദ്ദേഹത്തിന്റെ മകള്‍ സുപ്രീയ സിലേയ്‌ക്കെതിരായാണ് ശരത് പവാറിന്റെ അനന്തരവനായ അജിത് പവാറിന്റെ ഭാര്യ മല്‍സരിക്കുന്നത്. ബിജെപി വാഷിംഗ് മെഷീന്‍ ശക്തമായി തന്നെ വെളുപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന പ്രതിപക്ഷത്തിന്റെ വാദം വീണ്ടും ഇതോടെ ശക്തമാവുകയാണ്. മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട് കണ്ടതോടെ പ്രതിപക്ഷത്തിന് ബിജെപിയ്‌ക്കെതിരെ ഒരു ആയുധം കൂടി കിട്ടിയിരിക്കുകയാണ്. ബിജെപിയെ എതിര്‍ക്കുന്ന നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെയും പോലീസ് സേനയെയും ഉപയോഗിക്കുകയും അവര്‍ ബിജെപിയ്‌ക്കൊപ്പം ചേരുമ്പോള്‍ അന്വേഷണം മന്ദഗതിയിലാക്കുമെന്നും അല്ലെങ്കില്‍ അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമെന്നും നേരത്തേയും വ്യക്തമായതാണ്. സംഭവത്തെ കുറിച്ച് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ആന്ദ് ദുബേയുടെ പ്രതികരം ഇങ്ങനെ.

‘25,000 കോടി രൂപയുടെ അഴിമതി കേസില്‍ സുനേത്ര പവാറിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുകയാണ്. അന്ന് ഈ അഴിമതി ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അന്ന് ആ കുടുംബത്തെ മുഴുവന്‍ അഴിമതിക്കാരെന്ന് വിളിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതോടെ ഒരു കാര്യ തെളിഞ്ഞിരിക്കുന്നു. ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞാല്‍ എല്ലാ ആരോപണവും തേച്ച് ഉരച്ച് കഴുകപ്പെടുമെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദം ശരിയായിരിക്കുന്നു. വാഷിംഗ് പൗഡര്‍ ഉപയോഗിച്ച് കഴുകി ആരോപണങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെടുന്നു എന്നത് പൂര്‍ണ്ണമായും ശരിയാണ്.

Read more