അയോദ്ധ്യയിലെ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി മോദി; അരികില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

അയോദ്ധ്യ രാമക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാംലല്ല വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് മോദി നേതൃത്വം നല്‍കി. ആറ് ദിവസത്തെ പ്രത്യേക പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ നടന്നത്.

കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത് പൂജകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മുഖ്യയജമാനനായ മോദി ക്ഷേത്രത്തിലെത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കിരീടവും പട്ടുമായി ഗര്‍ഭ ഗൃഹത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ദര്‍ഭ പുല്ലില്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് മോദി ചടങ്ങില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ചടങ്ങില്‍ മോദിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ചടങ്ങിന് സാക്ഷികളാകാന്‍ വിഐപികളുടെ വന്‍നിരയാണ് ക്ഷേത്രത്തിലെത്തിയത്. യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സിനിമ, സ്‌പോര്‍ട്‌സ് താരങ്ങള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സൈന നെഹ്വാള്‍, മിതാലി രാജ്, തുടങ്ങിയ പ്രമുഖരെല്ലാം തന്നെ ക്ഷേത്രത്തില്‍ എത്തിയിരുന്നു. നാളെ ക്ഷേത്ര സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.