പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യക്കേസ്; ഹർജി പുതിയ ബെഞ്ചിന് വിട്ടു, കേസ് സെപ്റ്റംബറില്‍ പരിഗണിക്കും

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചു. കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 10- ന് പരിഗണിക്കും.

അഭിപ്രായ സ്വാതന്ത്ര്യവും, കോടതിയലക്ഷ്യ സംബന്ധമായ കേസില്‍ സ്വമേധയാ കേസ് എടുക്കാനുമുള്ള കോടതിയുടെ അധികാരവും സംബന്ധിച്ച കാര്യങ്ങള്‍ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ കോടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെയോട് ആവശ്യപ്പെട്ടു.

സുപ്രീംകോടതി ജഡ്ജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ അത് കോടതി അലക്ഷ്യമായാലും അഴിമതിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു.

സമയക്കുറവുണ്ട്. ഈ കേസ് കൂടുതല്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്. ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു.,

ശിക്ഷയുടെ പ്രശ്‌നമല്ല, സ്ഥാപനത്തിലുള്ള വിശ്വാസമാണ് മുഖ്യമെന്ന് കോടതി പറഞ്ഞു. ആശ്വാസം തേടി കോടതിയിലെത്തുമ്പോള്‍ ആ വിശ്വാസം തകര്‍ക്കപ്പെടുകയാണ്. അതാണ് പ്രശ്‌നം കോടതി ചൂണ്ടിക്കാട്ടി.

കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും മാപ്പു പറഞ്ഞാൽ ശിക്ഷ ഒഴിവാക്കമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം രണ്ട് തവണയാണ് പ്രശാന്ത് ഭൂഷൺ സത്യവാങ്മൂലം നൽകിയത്. ഓഗസ്റ്റ് 20- നാണ് കോടതി മാപ്പ് പറയാൻ പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടത്. കോടതി സമയം പാഴാക്കേണ്ടെതെന്നും ഉത്തമ ബോദ്ധ്യത്തോടെ ആലോചിച്ച് എടുത്ത് തീരുമാനത്തിന് മാപ്പ് പറയാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയിരുന്നു.