ബിജെപിയുടെ മനസിലുള്ളത് ഏകാധിപത്യം; ജനം തിരഞ്ഞെടുത്ത രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലില്‍; രാജ്യം ഭരിക്കുന്നത് കൊള്ളക്കാരെന്ന് പ്രകാശ് കാരാട്ട്

ഇന്ത്യയുടെ ജനാധിപത്യം നിലനില്‍ക്കുമോയെന്ന് നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിപക്ഷ മന്ത്രിമാരെയും നേതാക്കളെയും ജയിലില്‍ അടയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് ബിജെപി ഭരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഈ സമയത്തും ജനം തെരഞ്ഞെടുത്ത രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. ഇഡി, സിബിഐ പോലെയുള്ള അന്വേഷണ ഏജന്‍സികള്‍ ബിജെപി ഭരണത്തിലെ ഉപകരണങ്ങള്‍ മാത്രമായി. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യമാണ് മോദിയും ബിജെപിയും ആഗ്രഹിക്കുന്നത്. അത് ജനാധിപത്യമല്ല, ഏകാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കുകയാണ് മോദിയുടെ ലക്ഷ്യം. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതല്ല. ഇന്ത്യ ഇന്ന് ഭരിക്കുന്നത് വര്‍ഗീയ കോര്‍പറേറ്റ് ശക്തികളാണ്. കോര്‍പറേറ്റ് ശക്തികളുടെ നയങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ധിക്കുന്നു. ഇക്കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

രാഷ്ട്രീയ അഴിമതിയെ നിയമവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി കൊണ്ടുവന്നത്. അതിനെ എതിര്‍ത്ത സിപിഎം നിലപാട് ശരിയാണെന്നും ഇലക്ടറല്‍ ബോണ്ട് പിരിച്ചത് തെറ്റാണെന്നും സുപ്രീംകോടതി കണ്ടെത്തി. ഏറ്റവും വലിയ കൊള്ള നടത്തിയ ബിജെപിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് തിരിച്ചറിയണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.