കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്ത് ഛത്തീസ്ഗഢ് പൊലീസ്. ഛത്തീസ്ഗഢിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെ വിമര്‍ശിച്ച അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി വിദ്വേഷ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലും ബിജെപി പരാതി നല്‍കിയിട്ടുണ്ട്. അതിര്‍ത്തി സുരക്ഷയ്ക്ക് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവാദിയെന്നും നുഴഞ്ഞുകയറ്റത്തിന് തൃണമൂല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മഹുവ പറഞ്ഞിരുന്നു.
ഇന്ത്യയുടെ അതിര്‍ത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കില്‍ നമ്മുടെ അമ്മമാരിലും സഹോദരിമാരിലും കണ്ണുവച്ച് മറ്റൊരു രാജ്യത്ത് നിന്ന് ദിവസവും പതിനായിരങ്ങള്‍ ഇന്ത്യയിലേക്കു കടന്നു കയറി ഭൂമി കവരുന്നുണ്ടെങ്കില്‍ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കുക എന്നായിരുന്നു തുടര്‍ന്നുള്ള മഹുവ മൊയ്‌ത്രെയുടെ വാക്കുകള്‍.
Read more
തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ പ്രസ്താവന വിവാദമായതോടെ ബിജെപി നേതാക്കളില്‍ നിന്ന് മൊയ്‌തെയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു.







