ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ബ്ലാക് മെയ്‌ലിങ് അതിവിടെ ചെലവാകില്ലെന്നും പാകിസ്ഥാനെ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്ത് നിന്ന് നമ്മള്‍ മായ്ച്ചുകളഞ്ഞു എന്നും തിരിച്ചടിയില്‍ ഭയന്ന പാകിസ്ഥാന്‍ ലോകം മുഴുവന്‍ രക്ഷ തേടി നടന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദം അവസാനിപ്പിക്കും. പ്രകോപനത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ജാഗ്രത തുടരുകയാണ്. എല്ലാ സേനകളും ജാഗ്രതയിലാണ്. ഒന്നിനും പൂര്‍ണ വിരാമമായെന്ന് കരുതരുത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പുതിയ യുദ്ധമുഖം തുറന്നു. ആധുനിക യുദ്ധ ശേഖരം ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യക്ക് ഭീകരവാദത്തോടും യുദ്ധത്തോടും താത്പര്യമില്ല. ഭീകരവാദം പാകിസ്ഥാനെ തകര്‍ക്കുമെന്നും മോദി പറഞ്ഞു.

Read more

തിരിച്ചടിയില്‍ പാകിസ്ഥാന്‍ ഭയന്നു. നിവര്‍ത്തിയില്ലാതെ അവര്‍ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവില്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചു. യുദ്ധത്തോട് ഇന്ത്യക്ക് താത്പര്യമില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. തീവ്രവാദത്തോട് സന്ധിയുമില്ല. പാകിസ്ഥാനുമായി ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് തീവ്രവാദത്തെ കുറിച്ച് മാത്രമായിരിക്കുമെന്നും മോദി പറഞ്ഞു.