ഗോമാംസം കടത്തിയെന്ന സംശയത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം; അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ഹരിയാനയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഗോമാംസം കടത്തുന്നുവെന്ന് ആരോപിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഓഗസ്റ്റ് 23ന് ഫരീദാബാദില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആര്യന്‍ മിശ്രയെയും സുഹൃത്തുക്കളെയും 30 കിലോമീറ്ററോളം പിന്തുടര്‍ന്ന് അക്രമി സംഘം നിറയൊഴിക്കുകയായിരുന്നു.

അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. ടൊയോട്ട ഫോര്‍ച്യൂണറിലും റിനോ ഡസ്റ്ററിലുമായി നഗരത്തില്‍ നിന്ന് ഗോമാംസം കടത്തുന്നുണ്ടെന്ന് ഗോസംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ തിരച്ചിലിന് ഇറങ്ങിയത്. ഇതിനിടെ പട്ടേല്‍ ചൗക്കില്‍ കൊല്ലപ്പെട്ട ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അക്രമികളുടെ ശ്രദ്ധയില്‍പ്പെട്ടു.

ഇതേ തുടര്‍ന്ന് അക്രമി സംഘം ഗോമാംസം കടത്തുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്നു. ഹരിയാനയിലെ ഗദ്പുരിയ്ക്ക് സമീപം ഡല്‍ഹി-ആഗ്ര ദേശീയപാതയില്‍ 30 കിലോമീറ്ററോളം അക്രമി സംഘം കൊല്ലപ്പെട്ട കൗമാരക്കാരനെയും സുഹൃത്തുക്കളെയും പിന്തുടരുകയായിരുന്നു.

പ്രതികള്‍ ആര്യനുള്‍പ്പെടുന്ന സംഘത്തോട് വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത തോന്നിയതോടെ ആര്യനും സുഹൃത്തുക്കളും വാഹനം നിറുത്താന്‍ തയ്യാറായില്ല. പിന്നാലെ അക്രമി സംഘം കാറിലേക്ക് നിറയൊഴിച്ചു. പ്രതികളുടെ ആക്രമണത്തില്‍ ആര്യന് വെടിയേറ്റു.

Read more

ഉടന്‍തന്നെ സുഹൃത്തുക്കള്‍ ആര്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.