പെ​ഗാസസ് ഫോൺ ചോർത്തൽ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മാധ്യമ പ്രവർത്തകർ, സുപ്രീംകോടതിയിൽ ഹർജി

പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി നൽകി.

മാധ്യമ പ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

ഇസ്രായേലി ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുവോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

രാജ്യത്തെ കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിമാർ, ആർ.എസ്.എസ്. നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്നായിരുന്നു അരോപണം.

പെഗാസസ് ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ എത്തുന്ന മൂന്നാമത്തെ ഹര്‍ജിയാണിത്. അഭിഭാഷകന്‍ എം.എല്‍ ശര്‍മ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവർ നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മൗലികാവകാശത്തിന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചത്.

ഫോ‍ർബിഡൺ സ്റ്റോറീസ് എന്ന കൂട്ടായ്മയിലൂടെ ലോകമെമ്പാടുമുള്ള 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ് പെഗാസസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.