ചൂതാട്ടത്തിന് അവസരം ഒരുക്കുന്നു; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎമ്മിനെ നീക്കം ചെയ്തു

Advertisement

പ്രമുഖ ഓൺലൈൻ പണമിടപാട് ആപ്പായ പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി. അടുത്തിടെ ഉൾപ്പെടുത്തിയ ഫാന്റസി ക്രിക്കറ്റ് ടൂർണമെന്റ് ഫീച്ചർ ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പോളിസിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് നീക്കം ചെയ്തത്.

ഇനിമുതൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പേടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കില്ല. അതേസമയം പേടിഎമ്മിന്റെ ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോറിൽ ലഭ്യമാണ്.

ഓൺലൈൻ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്ലേ സ്റ്റോറിന്റെ നിലപാട് വ്യക്തമാക്കുന്ന ഗൂഗിൾ ഇന്ത്യയുടെ ബ്ലോഗിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പേടിഎമ്മിനെ പേരെടുത്ത് പരാമർശിക്കുന്നില്ലെങ്കിലും ഓൺലൈൻ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ബ്ലോഗിലെ പോസ്റ്റ് വ്യക്തമാക്കുന്നു.

പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യപ്പെട്ട കാര്യം പേ ടിഎം സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിനെ തിരികെ എത്രയും പെട്ടെന്ന് പ്ലേസ്റ്റോറിൽ എത്തിക്കുമെന്നും നിലവിലെ ഉപയോക്താക്കളുടെ പണം നഷ്ടമാകില്ലെന്നും പേടിഎമ്മിന്റെ ട്വീറ്റിൽ പറയുന്നു.‌