ഇന്ത്യയുടെ ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ത്തെന്ന് പാക് പ്രതിരോധമന്ത്രി, തെളിവ് എവിടെയെന്ന് സിഎന്‍എന്‍ അവതാരക; സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്ന് ഖവാജ ആസിഫ്; ലോകമാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനായി പാക് പ്രതിരോധ മന്ത്രി

ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ വ്യാപകമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ അഞ്ച് ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ച് വീഴ്ത്തിയെന്ന തരത്തില്‍ വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയുടെ മിഗ് 21 വിമാനം വെടിവച്ച് വീഴ്ത്തിയെന്ന തരത്തിലായിരുന്നു പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളും ചിത്രങ്ങളും.

കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിക്കപ്പെട്ട ഈ ചിത്രങ്ങളെയും വാര്‍ത്തകളെയും പാകിസ്ഥാന്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ പിന്തുണച്ചുവെന്നതാണ് ശ്രദ്ധേയം. സിഎന്‍എന്‍ ചാനലില്‍ പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് അഞ്ച് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ത്തതായി ആരോപിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഖവാജ ആസിഫിന്റെ നുണ പൊളിയുകയായിരുന്നു.

സിഎന്‍എന്‍ അവതാരക ബെക്കി ആന്‍ഡേഴ്സണ്‍ ഇതിനുള്ള തെളിവുകള്‍ ആരാഞ്ഞതോടെ പാക് പ്രതിരോധ മന്ത്രി പറഞ്ഞത് തെളിവുകള്‍ സോഷ്യല്‍ മീഡിയയിലുണ്ടെന്നാണ്. എന്നാല്‍ ബെക്കി ആന്‍ഡേഴ്സണ്‍ ഖവാജ ആസിഫിനോട് താന്‍ ചോദിച്ചത് സോഷ്യല്‍ മീഡിയ കണ്ടന്റിനെ കുറിച്ച് അല്ലെന്നും അഞ്ച് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ത്തെന്ന് ആരോപിക്കുന്നതില്‍ സാങ്കേതികമായ എന്തെങ്കിലും തെളിവ് നിങ്ങളുടെ പക്കലുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഖവാജ ആസിഫ് ഒഴിഞ്ഞുമാറുകയായിരുന്നു.

ഈ സംഘാര്‍ഷവസ്ഥ ഒരു യുദ്ധത്തിലേക്ക് വഴിമാറിയേക്കാം എന്നാണ് ഖവാജ ആസിഫ് സിഎന്‍എന്‍ അവതാരകയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍, നമുക്ക് ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ യുഎസില്‍ നിന്നോ യുകെയില്‍ നിന്നോ വിമാനങ്ങള്‍ വാങ്ങാമെന്നും ഖവാജ ആസിഫ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ സൈബറിടങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് നാല് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഇതോടകം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗം വൈറല്‍ ചിത്രങ്ങള്‍ തിരിച്ചറിയുകയായിരുന്നു. പഞ്ചാബിലെ മോഗ ജില്ലയില്‍ ഐഎഎഫ് മിഗ്-21 വിമാനാപകടവുമായി ബന്ധപ്പെട്ട 2021 ലെ പഴയ ഫോട്ടോയാണെന്ന് വ്യാപകമായി പ്രചരിച്ചിരുന്നതെന്ന് എക്‌സ് ഹാന്‍ഡില്‍ തിരിച്ചറിഞ്ഞു.

പാക് പ്രതിരോധ മന്ത്രി മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നില്‍ അപമാനിതനാകുന്നത് ഇതാദ്യമല്ല. നേരത്തെ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി പാക് പ്രതിരോധ മന്ത്രി ഏറ്റുപറഞ്ഞത് ശ്രദ്ധേയമായിരുന്നു. മൂന്ന് പതിറ്റാണ്ട് ഇത്തരത്തില്‍ അമേരിക്കയ്ക്ക് വേണ്ടി നീചമായ ഈ പണി ചെയ്തിരുന്നതായും ഖവാജ തുറന്നുപറഞ്ഞിരുന്നു.