നിയന്ത്രണ രേഖയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ 12ാം ദിവസവും വെടിവയ്പ്പ് തുടരുന്നതിനിടെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് സൈന്യം പാക് പൗരനെ പിടികൂടി. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്നാണ് സൈന്യം പാക് പൗരത്വമുള്ളയാളെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പാക് പൗരനെ പിടികൂടിയ സംഭവം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പിടികൂടിയ പാക് പൗരനെ ചോദ്യം ചെയ്തുവരികയാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് ഇയാള്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ പഞ്ചാബ് പൊലീസിന് കൈമാറിയിട്ടുണ്ട്.
Read more
അതിര്‍ത്തിയില്‍ സൈന്യം പട്രോളിങ് കടുപ്പിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാളെ രാജ്യ വ്യാപകമായി 257 ഇടങ്ങളില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. രാജ്യത്തെ 244 ജില്ലകളിലായി 257 ഇടങ്ങളിലാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുക.