'ഒരു ദശാബ്‌ദത്തോളം ഒസാമ ബിൻ ലാദന് അഭയം നൽകി, ഭീകരവാദമെന്നത് അവരുടെ വിദേശനയം'; യുഎന്നിൽ പാകിസ്ഥാന് ചുട്ടമറുപടി നൽകി ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസംഗത്തിന് ചുട്ടമറുപടി നൽകി ഇന്ത്യ. ഭീകരവാദത്തെ മഹത്വവത്കരിക്കുകയും വസ്തുതകളെ വളച്ചൊടിക്കുകയുമാണ് പാകിസ്ഥാൻ ചെയ്യുന്നതെന്ന് ഇന്ത്യൻ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റൽ ഗെഹ്‌ലോട്ട് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ‘ദി റെസിസ്റ്റന്റ് ഫ്രണ്ട്’ എന്ന ഭീകര സംഘടനയെ സംരക്ഷിക്കുകയും ഒസാമ ബിൻ ലാദന് അഭയം നൽകുകയും ചെയത കാര്യവും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.

ഭീകരവാദമെന്നത് പാകിസ്ഥാന്റെ വിദേശനയത്തിൻ്റെ കേന്ദ്ര ബിന്ദുവാണെന്നും അവർ പറഞ്ഞു. റെസിസ്റ്റന്റ് ഫ്രണ്ടിനെ കഴിഞ്ഞ ഏപ്രിലിൽ യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാൻ സംരക്ഷിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ ദീർഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാകിസ്ഥാൻ. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പങ്കാളികളാണെന്നത് നാട്യം മാത്രമാണെന്നും ഒരു ദശാബ്‌ദത്തോളം ഒസാമ ബിൻ ലാദന് അഭയം നൽകിയ രാജ്യമാണെന്നത് ഓർക്കണമെന്നും അവർ പറഞ്ഞു.

പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ നടത്തുന്നുണ്ടെന്ന് പാക് മന്ത്രിമാർ തന്നെ മുൻപ് സമ്മതിച്ച കാര്യവും പെറ്റൽ ഗെഹ്‌ലോട്ട് ഓർമിപ്പിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും പെറ്റൽ ഗെഹ്‌ലോട്ട് പരാമർശിച്ചു. ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ പാക് സൈനിക-സിവിലിയൻ ഉദ്യോഗസ്ഥർ മഹത്വവത്കരിക്കുകയും ആദരാഞ്ജലികളർപ്പിക്കുകയും ചെയ്‌തത് ഈ ഭരണകൂടത്തിന്റെ താത്പര്യങ്ങൾ എന്തെന്ന് മനസ്സിലാക്കിത്തരുന്നതാണ്.

മേയ് 10ന് പോരാട്ടം അവസാനിപ്പിക്കാൻ പാക് സൈന്യം അഭ്യർഥിക്കുകയായിരുന്നെന്നും പെറ്റൽ ഗെഹ്‌ലോട്ട് പറഞ്ഞു. സിന്ധുനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വിമർശിച്ചിരുന്നു. കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ ലംഘിച്ചതായി ഷഹബാസ് ആരോപിച്ചു.

Read more

സിന്ധു നദീജല കരാർ ഏകപക്ഷീയമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമം കരാറിലെ വ്യവസ്‌ഥകളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണെന്നു ഷഹബാസ് പറഞ്ഞു. പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ജലത്തിലുള്ള അവകാശം സംരക്ഷിക്കും. കരാറിൻ്റെ ഏതൊരു ലംഘനവും യുദ്ധത്തിന്റെ നടപടിയായി കണക്കാക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.