പാക് റേഞ്ചര്‍ ബിഎസ്എഫ് കസ്റ്റഡിയില്‍; പിടിയിലായത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ

അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന്‍ റേഞ്ചേഴ്‌സിലെ ജവാനെ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നാണ് പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് പാക് റേഞ്ചര്‍ ബിഎസ്എഫിന്റെ പിടിയിലായതെന്നാണ് വിവരം.

ശനിയാഴ്ചയാണ് പാക് റേഞ്ചറെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഒരു ബിഎസ്എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു.

അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന ബിഎസ്എഫ് 182-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങ്ങിനെയാണ് പാകിസ്ഥാന്‍ പിടികൂടിയത്. ഏപ്രില്‍ 23-ന് ഫിറോസ്പുര്‍ അതിര്‍ത്തിക്കു സമീപത്ത് നിന്നാണ് പികെ സിങ്ങിനെ കസ്റ്റഡിയിലെടുത്തത്. സിങ്ങിന്റെ മോചനത്തിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍വൈസില്‍ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ കടന്നുകൂടിയെന്ന സന്ദേശം വ്യാജം. ശ്രീലങ്കയും ഇന്ത്യയും സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ സംശയാസ്പദമായ ഒരാളുണ്ടെന്ന ഇന്ത്യയില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടന്നത്.

ഇന്ന് 12 മണിക്കാണ് വിമാനം ചെന്നൈയില്‍ നിന്ന് കൊളംബോയില്‍ എത്തിയത്. യുഎല്‍ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്. പരിശോധന നടന്നെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ പൊലീസും ശ്രീലങ്കന്‍ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.

Read more