പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ ജിതു മുണ്ട എന്നയാള്‍ മരിച്ചുപോയ തന്റെ സഹോദരിയുടെ അസ്ഥികൂടം ബാങ്ക് ശാഖയിലേക്ക് കൊണ്ടുപോയി പണം പിന്‍വലിക്കാന്‍ ശ്രമിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചു. സഹോദരിയുടെ അക്കൗണ്ടില്‍ നിന്ന് 19,402 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹോദരി മരിച്ചതിന് തെളിവ് ആവശ്യപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്കാണ് അഴുകിയ അസ്ഥികൂടവുമായി ഇയാള്‍ വന്നത്. റോഡിലൂടെ ചാക്കില്‍ അസ്ഥികൂടം കൊണ്ടുപോകുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയും പൊതുജനശ്രദ്ധ നേടുകയും ബാങ്കിംഗ് നടപടിക്രമങ്ങളെ കുറിച്ച് വ്യാപക വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു.

തുക കിട്ടാൻ സഹോദരിയുടെ കുഴിമാടം തോണ്ടി അസ്ഥികൂടവുമായി ബാങ്കിലെത്തേണ്ടി വന്ന ജീത്തുവിന്റെ അവസ്ഥ വലിയ ജനരോഷത്തിനു കാരണമായിരുന്നു. നിരക്ഷരനായ ആദിവാസി വയോധികനാണ് ജീത്തു.

ഒഡീഷയില്‍ പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക് ഇതോടെ രംഗത്തെതി. പണം പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പണം കൈമാറുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക് വിശദീകരിച്ചു. പരാതിക്കാരനായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തതാണ് കാരണമെന്നും ബാങ്ക് പറയുന്നു.  ജീത്തു മദ്യപിച്ചാണ് ബാങ്കിലെത്തിയതെന്നും മരിച്ച വ്യക്തിയുടെ അക്കൗണ്ടിലെ പണം നോമിനിക്ക് മാത്രമേ ചട്ടങ്ങൾ പാലിച്ചു നൽകാനാകൂ എന്നു പറഞ്ഞിട്ടും അദ്ദേഹത്തിന് അത് മനസ്സിലായില്ലെന്ന് ഗ്രാമീൺ ബാങ്ക് പിന്നീട് വിശദീകരിച്ചിരുന്നു.

ഇന്നലെയാണ് സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ ജിതു മുണ്ടയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ ബാങ്കിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സഹോദരിയുടെ അക്കൗണ്ടിലെ പണം പിന്‍വലിക്കാനെത്തിയ ജിതുവിനോട് ബാങ്ക് അധികൃതര്‍ അക്കൌണ്ട് ഉടമ നേരിട്ട് എത്തണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സഹോദരി മരിച്ച് പോയെന്ന് പറഞ്ഞിട്ട് ബാങ്ക് അധികൃതര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഒടുവിലാണ് തെളിവിനായി സഹോദരിയുടെ അസ്ഥികൂടം ഹാജരാക്കിയതെന്നും ജിതു പറഞ്ഞതോടെയാണ് സംഭവം വ്യാപക ചര്‍ച്ചയായത്.