ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാളില്‍ കനത്ത പോളിങ്. വൈകുന്നേരം മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി. പൂര്‍ബ ബര്‍ധമാനിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടെന്ന് പരാതി ഉയരുന്നുണ്ട്. ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഎം സ്ഥാനാര്‍ഥികളുടെ ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചു.

രണ്ടാം ഘട്ട പോളിങ് നടന്ന ചില മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപിയുടെ ചിഹ്നം കാണുന്ന സ്ഥലം ടേപ്പ് ഒട്ടിച്ച് മറച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ഇതുതെളിയിക്കുന്ന വിഡിയോ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പങ്കുവച്ചു. ഫല്‍ട്ട മണ്ഡലത്തിലെ 144, 189 ബൂത്തുകളില്‍ ഇങ്ങനെയാണെന്നായിരുന്നു മാളവ്യയുടെ ആരോപണം. ഇവിടെ റീപോള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വിഡിയോ യഥാര്‍ഥമാണോയെന്ന് ഇതുവരെ കമ്മിഷന്‍ സ്ഥിരീകരിച്ചിട്ടില്ല.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തിയേക്കുമെന്ന് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഈ തീരുമാനമെന്ന് സിഇഒ മനോജ് അഗര്‍വാള്‍ പറഞ്ഞു.
വിവിധതരത്തിലുള്ള 2196 പരാതികള്‍ കമ്മിഷന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയുടെ ചിഹ്നം കാണുന്ന സ്ഥലം ടേപ്പ് ഒട്ടിച്ച് മറച്ചു ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതുകൊണ്ടാണ് ബിജെപി ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ടിഎംസി വക്താവ് റിജു ദത്ത പ്രതികരിച്ചു. കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസ് നിരീക്ഷകന്‍ അജയ് പാല്‍ ശര്‍മ്മയും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.