ഭര്‍തൃപീഡനം ഇന്ത്യയില്‍ വലിയ കുറ്റമായി കണക്കാക്കേണ്ടതില്ലെന്ന് ദീപക് മിശ്ര, ഇതു തടയാന്‍ പ്രത്യേക നിയമത്തിന്‍റെ ആവശ്യമില്ലെന്നും മുന്‍ ചീഫ് ജസ്റ്റിസ്

ഭര്‍തൃ പീഡനം ഇന്ത്യയില്‍ ഒരു കുറ്റമായി കണക്കാക്കണമെന്ന് താന്‍ കരുതില്ലെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അതിനാല്‍ ഇത് തടയാനായി പ്രത്യേകമായി ഒരു നിയമം കൊണ്ടുവരണമെന്നും തനിക്ക് അഭിപ്രായമില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ചട്ടങ്ങളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട സെമിനാറില്‍ ബംഗളൂരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചില രാജ്യങ്ങളില്‍ ഗാര്‍ഹിക പീഡനം കുറ്റകരമാണ്. പക്ഷേ ഇന്ത്യയില്‍ വലിയൊരു പാതകമായി ഇതിനെ കണക്കാക്കണമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. ഇത് കുറ്റകരമാക്കിയാല്‍ ഗ്രാമീണ കുടുംബങ്ങളില്‍ അരാജകത്വം സൃഷ്ടിക്കും. നമ്മുടെ രാജ്യം കുടുംബ ബന്ധങ്ങളില്‍ ഊന്നല്‍ കൊടുക്കുന്നതാണ്. നമ്മള്‍ ഇപ്പോഴും കുടുംബമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു”- അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയില്‍ അവരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഗാര്‍ഹിക പീഡനത്തെ കുറിച്ച് സംസാരിച്ചത്. ഇന്ത്യയിലെ പീഡന നിയമം ഭേദഗതി ചെയ്യണമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടില്ലെ? ബലാത്ക്കാരവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ലിംഗ നിഷ്പക്ഷത ഉണ്ടാകേണ്ടേ? ഗാര്‍ഹിക പീഡനം ക്രിമിനല്‍ കുറ്റമാക്കേണ്ടേ? തുടങ്ങിയ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.