ദേശീയ, സംസ്ഥാനപാതകളിൽ ഇനി മദ്യവിൽപ്പന ശാലകൾ അനുവദിക്കില്ലെന്ന് സുപ്രീംകോടതി

 

ദേശീയ, സംസ്ഥാനപാതകളിൽ ഇനി മദ്യവിൽപ്പന ശാലകൾ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ദേശീയ, സംസ്ഥാന പാതകളിലും ദേശീയ, സംസ്ഥാന പാതയുടെ അടുത്തു നിന്ന് 500 മീറ്റർ പരിധിയിലും ദേശീയപാതയോരത്തുള്ള ഒരു സർവീസ് പാതയിലും മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് നൽകുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശങ്ങൾ നൽകി. 20,000 ആളുകളോ അതിൽ കുറവോ ജനസംഖ്യയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ, 500 മീറ്ററിന്റെ ദൂരം 220 മീറ്ററായി കുറച്ചു.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഉത്തരവിട്ടു.
കൂടാതെ, 1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ സെക്ഷൻ 185 പ്രകാരം മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് തടവും പിഴയും ശിക്ഷ നൽകാം. മദ്യപിച്ച് വാഹനമോടിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി മന്ത്രാലയം പ്രചരണം നടത്തും.

ദേശീയപാതകളുടെ വികസനം, ദേശീയപാതകളിലുള്ള വസ്‌തുവിലേക്ക് പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ദേശീയപാതകളുടെ അവകാശത്തിന് വെളിയിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടെ ഉപയോഗത്തിലും കച്ചവട പ്രവർത്തനത്തിലും മന്ത്രാലയത്തിന് നിയന്ത്രണമില്ല. ഇത് സംസ്ഥാന വിഷയമായതിനാൽ മദ്യവിൽപ്പനശാലകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുന്നില്ല.

ദേശീയ, സംസ്ഥാന പാതകളിൽ മദ്യവിൽപ്പന നിരോധിക്കാൻ 2016 ഡിസംബറിൽ സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയപാതയിലും പരിസരത്തും പുതിയ മദ്യവിൽപ്പന ശാലകൾക്ക് ലൈസൻസ് നൽകുന്നത് അവസാനിപ്പിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. ഏതെങ്കിലും മദ്യക്കടയുടെ പരസ്യം ദേശീയ അല്ലെങ്കിൽ സംസ്ഥാന പാതകളിൽ നിന്ന് കാണുക പോലും ചെയ്യരുതെന്നും കോടതി ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, ലൈസൻസ് ഉള്ള കാലയളവ് വരെ പ്രവർത്തിക്കാൻ കഴിയുന്ന നിലവിലുള്ള മദ്യവിൽപ്പനശാലകൾക്ക് ഈ ഉത്തരവ് ബാധകമല്ല.