നിര്‍ഭയ കേസ്: വധശിക്ഷ നടപ്പാക്കരുതെന്ന ആവശ്യവുമായി പ്രതികള്‍ രാജ്യാന്തര കോടതിയില്‍

ഡല്‍ഹി കൂട്ടബലാത്സംഗ കൊലപാതക കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിന് എതിരെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചു.

അതേസമയം നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് തിരുത്തല്‍ ഹര്‍ജിക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മുകേഷ് സിംഗിന് നിയമപരമായ എല്ലാ സാദ്ധ്യതകളും അനുവദിച്ചു കഴിഞ്ഞതാണെന്ന് കോടതി പറഞ്ഞു.

സാഹചര്യങ്ങള്‍ പറയുന്നത് ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ലെന്നാണ്. നിങ്ങള്‍ ദയാഹര്‍ജി ഉപയോഗപ്പെടുത്തി. അത് തള്ളി. തിരുത്തല്‍ ഹര്‍ജികളും തള്ളിയിരുന്നു. ഇനി എന്തുപ്രതിവിധിയാണ് അവശേഷിച്ചിട്ടുളളത്. സുപ്രീം കോടതി ചോദിച്ചു.

മാര്‍ച്ച് 20-ന് പുലര്‍ച്ചെ 5.30-നാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളിലൊരാളായ പവന്‍ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്.