ഡല്‍ഹിയില്‍ പശുക്കളുടെ ക്ഷേമത്തിനായി പുതിയ സമിതി

അലഞ്ഞുതിരിയുന്ന പശുക്കളുടെ ക്ഷേമവും ഗോശാലകള്‍ക്ക് നല്‍കിയ ഫണ്ട് വിനിയോഗവും പരിശോധിക്കാന്‍ ഡല്‍ഹി നിയമസഭ ഒരു സമിതിയെ നിയോഗിച്ചു. ഡല്‍ഹിയില്‍ ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്കെതിരെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

നഗരത്തില്‍ ഗോശാല കൊണ്ടു വരാത്തതും അലഞ്ഞു തിരിഞ്ഞു നടക്കുന്ന് കന്നുകാലികളെ പരിപാലിക്കാത്തതും ചൂണ്ടിക്കാട്ടി എ.എ.പി നിയമസഭാംഗങ്ങള്‍ ബി.ജെ.പിയെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും വിമര്‍ശിച്ചു. കോര്‍പ്പറേഷനുകളുടെ നിസ്സംഗത കാരണം പശുക്കള്‍ അലഞ്ഞു തിരിഞ്ഞ നടക്കുകയാണ് എന്നും മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ഇവ ആഹാരമാക്കുന്നത് എന്നും ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഡല്‍ഹിക്ക് മൂന്ന് കോര്‍പ്പറേഷനുകള്‍ ആണുള്ളത്. ഇവിടെയെല്ലാം ബിജെപിയില്‍ നിന്നുള്ള മേയര്‍മാരാണ് ഉള്ളത്. പശുക്കള്‍ അലഞ്ഞുതിരിയാത്ത നഗരമായി ഡല്‍ഹിയെ മാറ്റുമെന്നും പശുക്കളില്‍ മൈക്രോചിപ് ഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ട് നടപടിയുണ്ടായില്ലെന്നും എം.എല്‍.എ വിമര്‍ശിച്ചു. ഗോശാലകള്‍ കൈകാര്യം ചെയ്യുന്ന എന്‍ജിഒകള്‍ക്ക് കോര്‍പ്പറേഷന്‍ പണം നല്‍കിയിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.

ഒരു പശുവിന് 20 രൂപ വീതം നല്‍കിയിട്ടും വീണ്ടും ഫണ്ട് ആവശ്യപ്പെടുന്നത് ക്രമക്കേടിന് ഉദാഹരണമാണെന്നും സഭയില്‍ വിമര്‍ശനമുയര്‍ന്നു. വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്രി രൂപീകരിക്കണം എന്ന് സൗരഭ് ഭരദ്വാജ് നിര്‍ദ്ദേശിക്കുകയായിരുന്നു. നിര്‍ദ്ദേശം സഭ അംഗീകരിച്ചു. ഒരു മാസത്തിനകം സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കണമെന്ന് സ്പീക്കര്‍ രാം നിവാസ് ഗോയല്‍ പറഞ്ഞു.