ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ വീണ്ടും അയോഗ്യന്‍; രണ്ടാം തവണയും ഉത്തരവ് പുറത്തിക്കി ലോക്സഭാ സെക്രട്ടറിയേറ്റ്; രാഷ്ട്രീയ ജീവിതം തുലാസില്‍

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റ് വീണ്ടും ഉത്തരവിറക്കിയത്. മുഹമ്മദ് ഫൈസലിന് എം പി സ്ഥാനം നഷ്മാകുന്നത് ഇത് രണ്ടാം തവണയാണ്.

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന കവരത്തി സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെയാണ് നിരസിച്ചത്. . കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശമാണു പൊതുസമൂഹത്തിനു നല്‍കുന്നതെന്നു കോടതി അഭിപ്രായപ്പെട്ടു.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെതിരേ തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കവരത്തി സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം.

പത്ത് വര്‍ഷത്തെ ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ നിലവില്‍ കഴിയില്ലെന്ന് ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി.
സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ഹൈക്കോടതി വീണ്ടും കേസില്‍ വാദം കേട്ടത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഫൈസലിനുവേണ്ടി ഹാജരായത്.