തർക്കത്തിനിടെ ഒരാൾ മരിച്ച സംഭവം; നവ്ജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയിൽ കീഴടങ്ങും

പഞ്ചാബ് മുൻ കോൺ​ഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു ഇന്ന് പാട്യാല കോടതിയിൽ കീഴടങ്ങും. മുപ്പത്തിനാല് വർഷം മുൻപുണ്ടായ അടിപിടി കേസിൽ അടിയേറ്റ 65കാരനായ വാഹനയാത്രികൻ മരിച്ചിരുന്നു. ഈ സംഭവത്തിൽ സുപ്രീം കോടതി നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷത്തെ തടവ് വിധിച്ചതിനെ തുടർന്നാണ് പട്യാല കോടതിയിൽ സിദ്ദു കീഴടങ്ങുക.

പത്ത് മണിയോടെ സിദ്ദു കോടതിയിൽ എത്തുമെന്നാണ് പാട്യാല കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നരിന്ദർ പാൽ ലാലി വ്യക്തമാക്കിയത്. കേസിൽ സിദ്ദുവിനെ ഇന്നലെ സുപ്രീം കോടതി ഒരു വർഷം തടവ് ശിക്ഷക്ക് വിധിച്ചത്.

പട്യാലയിൽ 1988 ഡിംസബർ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നടുറോഡിൽ വാഹനം പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർനാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടർന്ന് അടിപിടിയുണ്ടാകുകയും ചെയ്തു.

സംഘ‍ർഷത്തിൽ പരിക്കേറ്റ ഗുർനാം മരിച്ചു. ഗുർനാം സിംഗിന്റെ തലയിൽ സിദ്ദു അടിച്ചുവെന്നും തുടർന്ന് അയാൾ മരിച്ചുവെന്നുമാണ് കേസ്. എന്നാൽ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്.

1999ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. പീന്നിട് നടന്ന കേസിൽ 2018 മേയിൽ കേസിൽ നവ്ജ്യോത് സിംഗ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയിൽ തിരുത്തൽ വരുത്തിയാണ് സുപ്രീംകോടതിയുടെ നിർണായക വിധി.

2018 മേയ് 15ന് സിദ്ദുവിനെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ച ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. ഇതിനെതിരെ വാഹനാപകടത്തിൽ മരിച്ച ഗുരുനാം സിംഗിന്റെ കുടുംബമാണ് പുനഃപരിശോധന ഹർജി നൽകിയത്.

അപര്യാപ്തമായ ശിക്ഷയിൽ ഇനിയും ഇളവ് നൽകിയാൽ അത് നീതിക്ക് നിരക്കാത്തതായിരിക്കും. പൊതു സമൂഹത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിനും കോട്ടം വരുത്തുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പുനഃപരിശോധനാ ഹർജിയിൽ വിധി പറഞ്ഞത്. കോടതിവിധി വന്നതിന് പിറകെ നിയമത്തിനു മുന്നിൽ കീഴടങ്ങുമെന്ന് നവ്ജ്യോത് സിംഗ് സിദ്ദു ട്വീറ്റ് ചെയ്തിരുന്നു.