നവജ്യോത് സിംഗ് സിദ്ദു അദ്ധ്യക്ഷനായി തുടരും; രാജി തള്ളി ഹൈക്കമാൻഡ്

പഞ്ചാബ് കോൺ​ഗ്രസിലെ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. പി.സി.സി അദ്ധ്യക്ഷനായി നവ്ജ്യോത് സിംഗ് സിദ്ദു തുടരുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം നാളെയെന്ന് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു.

ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു പ്രതികരിച്ചു. എൻറെ ആശങ്കകൾ ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ട്. പാർട്ടി പ്രസിഡൻറും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെടുക്കുന്ന തീരുമാനങ്ങളിൽ വിശ്വാസമുണ്ട്. അത് പഞ്ചാബിന് വേണ്ടിയാവുമെന്നും സിദ്ദു പറഞ്ഞു.

കെ.സി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായിയാണ് സിദ്ദു കൂടിക്കാഴ്ച നടത്തിയത്. പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം നവ്‌ജോത് സിംഗ് സിദ്ദു ആദ്യമായാണ് എഐസിസി ആസ്ഥാനത്ത് എത്തിയത്. സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്.

സിദ്ദു-അമരിന്ദർ പോരിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഉൾപ്പെടെ മാറ്റി പഞ്ചാബിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. എന്നാൽ ചില മന്ത്രിമാരെ ഉൾപ്പെടുത്തിയതിനെ ചൊല്ലിയുള്ള സിദ്ദുവിന്റെ അമർഷം രാജിയിലാണ് കലാശിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയതിനു പിന്നാലെ അമരിന്ദർ കോൺഗ്രസ് വിട്ടു. ഇതോടെ സംസ്ഥാനത്ത് കോൺ​ഗ്രസ് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു.