തെലങ്കാനയില്‍ നരേന്ദ്രമോദി-കെ ചന്ദ്രശേഖര റാവു പോസ്റ്റര്‍ യുദ്ധം; സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി

തെലങ്കാനയില്‍ 13,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കായി പ്രധാനമന്ത്രി തറക്കല്ലിടുന്ന പരിപാടിയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പങ്കെടുക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ഉന്നത വിദ്യാഭ്യാസം, റെയില്‍, റോഡ്, പെട്രോളിയം, പ്രകൃതി വാതകം എന്നീ മേഖലകളിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി തറക്കല്ലിടുന്നത്. ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത് മന്ത്രി ടി ശ്രീനിവാസ യാദവാണ്. മുഖ്യമന്ത്രിയ്ക്ക് പകരം ടി ശ്രീനിവാസ യാദവ് ആണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നേരത്തേ ബിആര്‍എസിനും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനങ്ങല്‍ ഉന്നയിച്ചിരുന്നു. തെലങ്കാനയില്‍ ഈ വര്‍ഷം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

അതേ സമയം തെലങ്കാന മുഖ്യമന്ത്രി എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്ന ആളാണെന്ന ആരോപണവുമായി ഹൈദരാബാദില്‍ വ്യാപതകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സംസ്ഥാനത്ത് സന്ദര്‍ശനം നടത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ തങ്ങളെ അധിക്ഷേപിച്ച പ്രധാനമന്ത്രിയ്ക്ക് തെലങ്കാന സന്ദര്‍ശനത്തിന് ധാര്‍മ്മിക അവകാശമില്ലെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Read more

ഇതിനെതിരെയാണ് സംസ്ഥാനത്ത് പുതിയ പോസ്റ്ററുകള്‍. അടുത്ത ബാച്ച് നേതാക്കള്‍ ഡിസംബറില്‍ വില്‍ക്കപ്പെടുമെന്നാണ് മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള പോസ്റ്ററുകളിലെ ആക്ഷേപം. മഹാബുദ്ധ് നഗറില്‍ ഞായറാഴ്ചയാണ് പ്രധാനമന്ത്രി വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. ഉച്ചയ്ക്ക് ശേഷം ഒരു പൊതുയോഗത്തിലും നരേന്ദ്ര മോദി പങ്കെടുക്കും.