അഴിമതിക്കേസിൽ ജാമ്യം തേടും; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ചന്ദ്രബാബു നായിഡു, സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ച് ടിഡിപി

അഴിമതിക്കേസിൽ അറസ്റ്റിലായ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ജാമ്യത്തിനായി ഇന്ന് ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും.മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നായിഡുവിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലുത്ര തന്നെയാകും ഹൈക്കോടതിയിലും ഹാജരാകുക.

ഗവർണറുടെ അനുമതിയില്ലാതെ, നോട്ടീസ് നൽകാതെയാണ് നായിഡുവിനെ അറസ്റ്റ് ചെയ്തതെന്നും, മന്ത്രിസഭ അംഗീകരിച്ച, നിയമസഭ പാസ്സാക്കിയ നടപടിയുടെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയത് നിയമപരമല്ലെന്നുമാണ് നായിഡുവിന്റെ വാദം.371 കോടി രൂപയുടെ അഴിമതിക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട നായിഡു ഇപ്പോൾ ജയിലിലാണ്.

സ്കിൽ ഡെവലെപ്മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട ഒരു അഴിമതിക്കേസിലാണ് നായിഡുവിനെ ആന്ധ്രാ പോലീസിന്റെ സിഐഡി സംഘം അറസ്റ്റ് ചെയ്തത്. നന്ത്യാലിൽ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കിടയിൽ വിശ്രമിക്കവേയായിരുന്നു ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്. കേസിൽ, നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല എന്ന് കാണിച്ചാണ് അറസ്റ്റ് നടത്തിയത്.

കഴിഞ്ഞ ദിവസം 11 മണിക്കൂർ നായിഡുവിനെ സിഐഡി വിഭാഗം ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിന് നായിഡു സഹകരിച്ചില്ല. 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ ചോദ്യങ്ങൾക്കും, ഇല്ല, അറിയില്ല, ഓർമയില്ല എന്നായിരുന്നു നായിഡുവിന്റെ മറുപടികൾ.

എട്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് വിജയവാഡയിലെ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചത്. നായിഡുവിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനമെമ്പാടും കടുത്ത പ്രതിഷേധമുയർത്താനാണ് ടിഡിപിയുടെ തീരുമാനം.