സിം കാർഡ് 'റീ ഇഷ്യു' ചെയ്ത് തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ

സിം കാർഡ് റീ ഇഷ്യു ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഡൽഹിയിലെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകളുടെ പേരിൽ സിം കാർഡ് ‘റീ ഇഷ്യു’ ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. കേസിൽ സണി കുമാർ സിങ് (27), കപിൽ (28), പവിൻ രമേശ് (21 എന്നിവരാണ് പിടിയിലായത്. സണ്ണി എച്ച്ഡിഎഫ്‌സി ബാങ്കിൽ ക്രെഡിറ്റ് കാർഡ് സെയിൽസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനാണ്. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമവിരുദ്ധമായി സമാഹരിച്ചത് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

മൊബൈൽ നമ്പർ, ഇ മെയിൽ, തിരിച്ചറിയൽ രേഖ ഉൾപ്പെടെയുള്ള വിവരങ്ങൾ ബാങ്കിൽ നിന്ന് ശേഖരിച്ചത് സണ്ണിയാണ്. മറ്റു മൂന്ന് പേർ ഈ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകൾ കൃത്രിമമായി സൃഷ്ടിച്ചു.തുടർന്ന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് സിം കാർഡ് റീ ഇഷ്യു ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.കേസിൽ പങ്കുള്ള രാകേഷ് ഒളിവിലാണ്.

പ്രതികളിൽ നിന്ന് 12 സിം കാർഡുകളും അഞ്ച് മൊബൈൽ ഫോണുകളും എട്ട് ഡെബിറ്റ് കാർഡുകളും രണ്ട് വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിൽ ഉൾപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. രണ്ടു ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

എച്ച്ഡിഎഫ്‌സി അക്കൗണ്ടുടമ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സിംകാർഡ് റീ ഇഷ്യു ചെയ്തതായി കാണിച്ച് ലഭിച്ച സന്ദേശത്തിൽ സംശയം തോന്നിയ അക്കൗണ്ടുടമ പരാതി നൽകുകയായിരുന്നു. തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ തന്റെ പേരിൽ മറ്റാരോ 11 ലക്ഷം രൂപയുടെ വായ്പ എടുത്തതായും ഒരു ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറിയതായും കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.