ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിയുടെ മോദി- നെതന്യാഹു വിരുദ്ധ പ്രസ്താവന ചർച്ചയാകുന്നു. ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്കിനെക്കുറിച്ചും പലസ്തീനിലെ നെതന്യാഹുവിന്റെ അനീതികളെക്കുറിച്ചുമുള്ള മുൻ നിലപാടാണ് വൈറലാകുന്നത്. ഇരുവരെയും കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയവർ എന്നാണ് മംദാനി വിശേഷിപ്പിക്കുന്നത്.
മോദി മാഡിസൺ സ്ക്വയറിൽ ഒരു റാലി നടത്തിയ ശേഷം താങ്കളുമായി പത്രസമ്മേളനം നടത്തുന്നത് അംഗീകരിക്കാനാകുമോ എന്ന ചോദ്യത്തിനായിരുന്നു മംദാനിയുടെ മറുപടിയുണ്ടായത്. അംഗീകരിക്കാനാകില്ല എന്നു പറഞ്ഞ മാംദാനി ഗുജറാത്ത് കപാലത്തിൽ മോദിയുടെ പങ്കിനെക്കുറിച്ചും പറഞ്ഞു. എൻ്റെ പൂർവികർ ഗുജറാത്തിൽ നിന്നാണ്. അച്ഛൻ ഒരു മുസ്‌ലിമാണ്. നരേന്ദ്ര മോദി ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ആളാണ്. ഇതേ കാഴ്ചപ്പാട് തന്നെയാണ് തനിക്ക് നെതന്യാഹുവിനോടും എന്നാണ് മാംദാനി പറയുന്നത്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മംദാനിയെ അധിക്ഷേപിച്ച വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന നേതാക്കളെയും ട്രംപ് രൂക്ഷ ഭാഷയിൽ വിമർശിച്ചു. കാണാൻ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണ് എന്നാണ് ട്രംപ് അധിക്ഷേപിച്ചത്. ‘ഒടുവിൽ അത് സംഭവിച്ചു. ഡെമോക്രാറ്റുകൾ പരിധി ലംഘിച്ചു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയർ പദവിയിലേക്ക് അടുക്കുകയാണ്. നേരത്തെ നമുക്ക് പുരോഗമന ഇടതുപക്ഷക്കാർ ഉണ്ടായിരുന്നു. എന്നാൽ ഇത് കുറച്ച് പരിഹാസ്യമാണ്, കാണാൻ ഭയാനകവും ശബ്ദം പരുക്കവുമാണ്. ബുദ്ധിമാനല്ല. മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു. മംദാനിക്ക് മുന്നിൽ സെനറ്റർ ചക്ക് ഷുമർ കുമ്പിടുകയാണ്’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പ്രസിഡന്റ് ട്രംപ് അമേരിക്കൻ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്ന് പറഞ്ഞ മുപ്പത്തിമൂന്നുകാരനായ സൊഹ്‌റാൻ മംദാനി ഇതിനോടകം സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ ഇത്രമേൽ ചൊടിപ്പിക്കുന്നതും അയാളെ അതിക്രൂരമായി അധിക്ഷേപ്പിക്കാനുള്ള കാരണവും. പലസ്തീൻ അനുകൂലിയായ സോഷ്യലിസ്റ്റ് നേതാവായി സ്വയം വിശേഷിപ്പിക്കുന്ന മംദാനി ട്രംപിന്റെ കണ്ണിലെ കരടാണ്. പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിനെ വംശഹത്യയെന്ന പേരിൽ വിമർശിച്ചതും ഉൾപ്പെടെ മംദാനി സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ അലോസരപ്പെടുത്തുന്നത്.
Read more
അതേസമയം അമേരിക്കൻ ഡൊമോക്രാറ്റിക് സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയുടെ യുവമുഖമായ മംദാനി ഇന്ന് ന്യൂയോർക്ക് നഗരത്തിലെ തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും സാധാരക്കാരുടെയും ശ്രദ്ധകേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായ ന്യൂയോർക്കിലെ സാധാരണക്കാരായ ജനങ്ങളുടെ വക്താവായാണ് സൊഹ്‌റാൻ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഡൊമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ നേതാവും മുൻ ന്യൂയോർക്ക് ഗവർണറുമായ ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് സൊഹ്‌റാൻ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചത്.