അനുരഞ്ജനത്തിന് അവസാനശ്രമം; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാഹുലുമായി ചര്‍ച്ച നടത്തും

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനാകില്ലെന്ന കടുത്ത നിലപാടെടുത്ത രാഹുല്‍ ഗാന്ധിയെ അനുരഞ്ജിപ്പിക്കാനുള്ള അവസാനശ്രമവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കര്‍ണാടകയില്‍നിന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

കമല്‍നാഥ്, അശോക് ഗെലോട്ട്, വി നാരായണ സ്വാമി, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ബഗേല്‍ എന്നിവരാണ് കൂടിക്കാഴ്ചക്കെത്തുന്ന മുഖ്യമന്ത്രിമാര്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ധ്യക്ഷസ്ഥാനത്ത് തുടരേണ്ടെന്ന ശക്തമായ നിലപാടിലായിരുന്നു രാഹുല്‍ ഗാന്ധി.

തിരഞ്ഞെടുപ്പിന് ശേഷം പി.സി.സി അദ്ധ്യക്ഷന്‍മാര്‍ പലരും രാജി വെച്ചിരുന്നു. കഴിഞ്ഞ ദിവസം നാന പടോലെ, ഗോവ പി.സി.സി അദ്ധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ തുടങ്ങിയവര്‍ തോല്‍വിയില്‍ തങ്ങള്‍ക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്ന് വ്യക്തമാക്കി രാജിവെയ്ക്കുക കൂടി ചെയ്തതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന ആവശ്യം ശക്തമാണ്. അദ്ധ്യക്ഷന്‍ പോലും ഇല്ലാത്ത പാര്‍ട്ടിയാണെന്ന അപഹാസം രാഷ്ട്രീയ എതിരാളികളില്‍ നിന്നുണ്ടാകുന്നുവെന്ന് സൂചിപ്പിച്ചിട്ടും രാഹുലിന്റെ തീരുമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. സോണിയാ ഗാന്ധിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് നേതാക്കള്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പാര്‍ട്ടിയില്‍ നിന്നും പലരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നതും രാജി തുടരുന്നതിന്റെ ഗൗരവവും എല്ലാം ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ഉയരും. മുതിര്‍ന്ന നേതാക്കന്മാര്‍ പലരും ഇതിനോടകം രാഹുലുമായി ഇക്കാര്യം സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല.