ഉസൈന്‍ ബോള്‍ട്ട് പോലും തോറ്റു പോകും; ഈ കര്‍ണാടകക്കാരന്‍ നൂറു മീറ്റര്‍ ഓടിയത് 9.55 സെക്കന്‍ഡില്‍

ഈ ഓട്ടത്തിന് മുന്നില്‍ ഉസൈന്‍ ബോള്‍ട്ട് പോലും തോറ്റു പോകും. കര്‍ണാടകയിലെ കാളപൂട്ടു മത്സരം കണ്ടു നിന്നവരെല്ലാം പറഞ്ഞത് ഇതായിരുന്നു. നൂറു മീറ്ററിലെ ലോക റെക്കോഡിന് ഉടമ ബോള്‍ട്ടിനെ പോലും പിന്നിലാക്കിയാണ്  കാളപൂട്ട് മത്സരം നടന്നത്.

140 മീറ്റര്‍ കാളപൂട്ട് മത്സരം 13.62 സെക്കന്‍ഡിലാണ് ശ്രീനിവാസ ഗൗഡ എന്ന 28-കാരന്‍ ഓടിത്തീര്‍ത്തത്. നൂറു മീറ്റര്‍ പിന്നിടാന്‍ വേണ്ടി വന്നത് വെറും 9.55 സെക്കന്‍ഡ്. 2009-ലെ ബെര്‍ലിന്‍ ലോക അത്‌ലറ്റിക് മീറ്റില്‍ 9.58 സെക്കന്റില്‍ ഉസൈന്‍ ബോള്‍ട്ട് നൂറുമീറ്റര്‍ പൂര്‍ത്തിയാക്കിയതാണ് ലോക റെക്കോഡ്.

കൃത്യമായ പരിശീലനവും മികവുമാര്‍ന്ന പ്രകടനത്തോടെ ബോള്‍ട്ട് പൂര്‍ത്തിയാക്കിയതിലും വേഗത്തിലാണ് ചെരുപ്പു പോലും ഇടാതെ ചെളിവെള്ളത്തിലൂടെ കാളകളുമായി ഗൗഡ നൂറുമീറ്റര്‍ പൂര്‍ത്തിയാക്കിയത്.

 സി.എന്‍.എന്‍-ന്യൂസ് 18 സീനിയര്‍ എഡിറ്ററായ ഡി.പി സതീഷ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ബോള്‍ട്ടിനെ പോലും പിന്നിലാക്കിയ ഇന്ത്യക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡയില്‍ വൈറലായി.