വീണ്ടും ഏറ്റുമുട്ടി മമത ബാനര്‍ജിയും ഗവര്‍ണറും; ജയദീപ് ധന്‍കര്‍ വീണ്ടും ബംഗാള്‍ നിയമസഭ സന്ദര്‍ശിക്കും

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ബംഗാള്‍ നിയമസഭ സന്ദര്‍ശനത്തില്‍ അപമാനിക്കപ്പെട്ടെന്ന് ആരോപിച്ച ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ വീണ്ടും നിയമസഭ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.. രാജ്ഭവന്‍ പുറത്തുവിട്ട ഗവര്‍ണറുടെ വെള്ളിയാഴ്ചത്തെ പരിപാടി പ്രകാരം അദ്ദേഹം ഭാര്യയ്ക്കൊപ്പം പശ്ചിമ ബംഗാല്‍ നിയമസഭ സന്ദര്‍ശിക്കുകയും അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും.

വ്യാഴാഴ്ച നിയമസഭയിലെത്തിയപ്പോള്‍ ഗവര്‍ണര്‍ക്ക് പ്രവേശിക്കേണ്ട ഗേറ്റ് പൂട്ടിയിട്ടിരുന്നു. ഗേറ്റ് പൂട്ടിയിട്ടതില്‍ പ്രകോപിതനായ ഗവര്‍ണര്‍, സ്പീക്കര്‍ തന്നെ അപമാനിച്ചെന്ന പരാതി ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കായി പ്രത്യേകം നീക്കിവെച്ചിട്ടുള്ള മൂന്നാം നമ്പര്‍ ഗേറ്റാണ് പൂട്ടിയിരുന്നത്. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായുള്ള കവാടത്തിലൂടെയാണ് അദ്ദേഹം തന്റെ മുറിയിലേക്ക് എത്തിയത്.

“”നിയമസഭ പിരിയുന്നുവെന്ന് അറിയിച്ചാല്‍ അതിനര്‍ത്ഥം സഭാമന്ദിരം പൂട്ടിയിടുന്നു എന്നല്ല. എന്റെ മുറിയിലെ ചില സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനും വായനാമുറി ഉപയോഗിക്കുന്നതിനുമായി ഞാന്‍ എത്തുമെന്ന് സ്പീക്കറെ അറിയിച്ചതാണ്. നമ്മുടെ ജനാധിപത്യചരിത്രത്തിനു തന്നെ അപമാനകരമാണ് സ്പീക്കറുടെ നടപടി”” -ഗവര്‍ണര്‍ പറഞ്ഞു.

ജൂണില്‍ അധികാരം ഏറ്റെടുത്തത് മുതല്‍ നിരവധി വിഷയങ്ങളില്‍ മമത സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ദുര്‍ഗാപൂജയില്‍ ഇരിപ്പിടം ക്രമീകരിക്കുന്നത് സംബന്ധച്ച വിഷയം മുതല്‍ സിങ്കൂരിലേയ്ക്കുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം വരെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കി.